കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാളെ രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഉദ്ഘാടന വിമാനം ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ ആറിന് പ്രഥമ വിമാനത്തിലെ യാത്രക്കാരെ വായന്തോട് മട്ടന്നൂർ സഹകരണ ബാങ്ക് പരിസരത്ത് സ്വീകരിക്കുന്നതോടെ ഉദ്ഘാടനദിവസത്തെ ചടങ്ങുകൾ ആരംഭിക്കും. 6.30ന് യാത്രക്കാരെ ടെർമിനൽ ബിൽഡിംഗിലേക്ക് കൊണ്ടുപോകും.
ഏഴിന് യാത്രക്കാരെ ഡിപ്പാർച്ചർ ഹാളിനുമുന്നിൽ വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ മന്ത്രിമാരും വിശിഷ്ടാതിഥികളും ചേർന്ന് സ്വീകരിക്കും. 7.15ന് ചെക്ക് ഇൻ കൗണ്ടറിൽ യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകും. 7.30ന് മുഖ്യവേദിയിൽ കലാപരിപാടികൾ ആരംഭിക്കും. 7.45ന് ഡിപ്പാർച്ചർ ഏരിയയിൽ വിഐപി ലോഞ്ചിന്റെ ഉദ്ഘാടനം തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും 7.55ന് എടിഎം ഉദ്ഘാടനം ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും നിർവഹിക്കും.
8.05ന് ഡിപ്പാർച്ചർ ഏരിയയിൽ ഫോറിൻ എക്സ്ചേഞ്ച് (ഫോറെക്സ്) കൗണ്ടറിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. 8.15ന് ഇന്റർനാഷനൽ സെക്യൂരിറ്റി ഹോൾഡിലെ ‘മലബാർ കൈത്തറി’ ഇൻസ്റ്റലേഷൻ അനാച്ഛാദനം മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും. 8.25ന് ഫുഡ് ആൻഡ് ബിവറേജസ് സർവീസസ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. 8.35ന് ബോർഡിംഗ് ഗേറ്റിൽ യാത്രക്കാർക്ക് മന്ത്രിമാർ ഉപഹാരം നൽകും. ഒൻപതിന് സിഐഎസ്എഫ് സൈനികരിൽനിന്ന് മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. 9.15ന് സർവീസ് ബ്ലോക്കിന് സമീപം മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും.
9.30ന് ഡിപ്പാർച്ചർ ഹാളിൽ നിലവിളക്ക് തെളിക്കൽ ചടങ്ങ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മറ്റു മന്ത്രിമാർ എന്നിവർ ചേർന്ന് നിർവഹിക്കും. ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫിനുശേഷം പത്തിന് മുഖ്യവേദിയിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതമാശംസിക്കും. കിയാൽ എംഡി വി. തുളസീദാസ് പ്രോജക്ട് അവതരണം നടത്തും. കേന്ദ്ര വ്യോമയാന സെക്രട്ടറി കമൽ നയൻ ചൗബി മുഖ്യപ്രഭാഷണം നടത്തും.
മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായിരിക്കും.
കാർഗോ കോംപ്ലക്സ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, സിഐഎസ്എഫ് അക്കമഡേഷൻ, ലാൻഡ് സ്കേപ്പിംഗ് എന്നിവയുടെ ത്രീഡി വീഡിയോ പ്രദർശനവുമുണ്ടാകും.