തലശേരി: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തും കഫ്റ്റീരിയ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിമാനത്താവളത്തിൽ തുടങ്ങാൻ അനുമതി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞ് സംസ്ഥാനത്തുടെനീളം കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
ഇതിനിടയിൽ തട്ടിപ്പിന് കേസിലെ മുഖ്യപ്രതികളുടെ ഭാര്യമാർക്കും പങ്കുള്ളതായി സൂചന. കേസിലെ മുഖ്യപ്രതിയായ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ വിപിൻദാസിനെ കണ്ണൂരിലെ ഉന്നത കോൺഗ്രസ് നേതാവിന്റെ അടുത്തേക്കയച്ച കോഴിക്കോട്ടെ നേതാവിന്റെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
തലശേരി, ചോമ്പാല പോലീസ് സ്റ്റേഷനുകളിലാണ് തട്ടിപ്പ് സംഘത്തിനെതിരെ ഇന്നലെ ഒരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തത്. കോടിയേരി കളമുറിക്കണ്ടിയിൽ കശ്യപിന്റെ പരാതി പ്രകാരം വിപിൻദാസ്, അരുൺ കുമാർ, വിനോദ്, പ്രമോദ് എന്നിവരെ പ്രതി ചേർത്താണ് തലശേരി പോലീസ് കേസെടുത്തിട്ടുള്ളത്.
കശ്യപിൽ നിന്ന് ജോലി വാഗ്ദാനം ചെയത് 2018 ൽ അഞ്ചുലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കണ്ണൂക്കരയിലെ നിധിൻ രാജിന്റെ പരാതി പ്രകാരമാണ് ചോമ്പാല പോലീസ് കേസെടുത്തിട്ടുള്ളത്. ഏഴ് ലക്ഷം രൂപയാണ് നിധിൻ രാജിൽ നിന്നും തട്ടിയെടുത്തിട്ടുള്ളത്.
ഇതോടെ ഈ സംഘത്തിനെതിരെ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാഹി മേഖലയിലുമായി ഒരു ഡസൻ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാല് വർഷത്തിനുള്ളിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിന് കണ്ണൂരിലെ ഉന്നത കോൺഗ്രസ് നേതാവുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
പ്രതികളിൽ ചിലരുടെ ഭാര്യമാരും തട്ടിപ്പിന് ഒത്താശ ചെയ്തിട്ടുള്ളതായി പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിനിരയായിട്ടുള്ളവർ പരാതിയുമായി എത്തുമ്പോൾ പണം തിരിച്ചു നൽകുമെന്ന് ഉറപ്പു നൽകുന്ന എഗ്രിമെന്റിൽ പ്രതികളുടെ ഭാര്യമാരാണ് ഒപ്പു വെച്ചിട്ടുളളത്.
ഇതിനിടയിൽ തലശേരി എ.വി.കെ നായർ റോഡിലെ പ്രമുഖ ജ്വല്ലറിയിലെ ജീവനക്കാരൻ വഴി പാനൂരിലെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണം കടം വാങ്ങി തട്ടിപ്പ് നടത്തിയ വിവരവും പുറത്ത് വന്നിട്ടുണ്ട്.
സംഘത്തിലെ മുഖ്യപ്രതിയായ കോൺഗ്രസ് പ്രവർത്തകനായ തലശേരി ജില്ലാ കോടതിക്ക് സമീപം താമസിക്കുന്ന കെ.എം വിപിൻ ദാസിനെ കണ്ണൂരിലെ ഉന്നത നേതാവിന്റെ അടുത്തേക്കയച്ച കോഴിക്കാട്ടെ പ്രമുഖ നേതാവിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
കോഴിക്കാട് വിവിധ കേസുകളിൽ പ്രതിയായതോടെയാണ് വിപിൻ ദാസിനെ കണ്ണൂരിലെ ഉന്നതന്റെ അടുത്തേക്ക് കോഴിക്കോട്ടെ ഉന്നത നേതാവ് അയച്ചതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
അന്ന് തന്റെ ഗ്രൂപ്പുകാരിയായിരുന്ന തലശേരിയിലെ വനിതാ നേതാവിനെ വിളിച്ച കണ്ണൂരിലെ ഉന്നതൻ തനിക്ക് വേണ്ടപ്പെട്ട പയ്യനാണ് വേണ്ടത് ചെയ്തു കൊടുക്കണം എന്നായിരുന്നു ശിപാർശ.
ഈ ശിപാർശയിലെത്തിയ വിപിൻദാസിനെ വനിത നേതാവ് തന്റെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും ഒടുവിൽ തട്ടിപ്പുകൾ പുറത്ത് വന്നതോടെ പുറത്താക്കുകയും ചെയ്തതായി തലശേരിയിലെ കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
ഇപ്പോൾ വടകരയിൽ റിമാൻഡിൽ കഴിയുന്ന വിപിൻദാസിനെ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പ്രതിയെ അറസ്റ്റ് ചെയ്ത ചോമ്പാല സർക്കിൾ ഇൻസ്പെക്ടർ ടി.പി സുമേഷ് രാഷ്ട്രദീപികയോട് പറഞ്ഞു.
തലശേരിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലും കോടതിയുടെ അനുമതിയോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് തലശേരി പോലീസും കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും . കേസിലെ മറ്റൊരു പ്രതി അരുൺകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ ഇപ്പോൾ റിമാൻഡിലാണുള്ളത്. എയർ പോർട്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ചാണ് പ്രതികൾ സംസ്ഥാനത്തുടനീളം കോടികളുടെ തട്ടിപ്പ് നടത്തിയത്.