മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം ചുമർചിത്രങ്ങളെയും പച്ചപ്പും കൊണ്ടു ശ്രദ്ധേയമാകുകയാണ്. വിമാനത്താവളത്തിലെത്തുന്നവർക്ക് വടക്കൻ മലബാറിന്റെ സാംസ്കാരിക പെരുമ കണ്ടറിയാം. ചുമർചിത്രങ്ങളും നിറഞ്ഞ കാഴ്ചകളും യാത്രക്കാരിൽ വിസ്മയം തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ വിവിധ കലാരൂപങ്ങൾ, ആഘോഷങ്ങൾ, പരമ്പരാഗത തൊഴിലുകൾ എന്നിവ തനിമ ചോരാതെ അടയാളപ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളവുമായി ബന്ധപ്പെട്ട നിർമാണങ്ങളിലെല്ലാം മൂർഖൻപറമ്പിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുക്കാൻ കിയാൽ ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശന കവാടം മുതൽ പാസഞ്ചർ ടെർമിനൽ വരെ നീണ്ടു നിൽക്കുന്ന പൂന്തോട്ടം ആരെയും ആകർഷിക്കും.
കളരി അഭ്യാസപ്രകടനങ്ങളിലെ വിവിധ അടവുകൾ ബാഗേജ് ഏരിയായ്ക്കു സമീപമാണ് ഒരുക്കിയിരിക്കുന്നത്. 18 അടവുകളും കാഴ്ചക്കാരനു മനസിലാകും വിധമാണ് സജ്ജീകരണം. ടെർമിനൽ ബിൽഡിംഗിലെ താഴത്തെ നിലയിലാണ് പ്രധാന ആകർഷണത്തോടെ കളരി അഭ്യാസം ഒരുക്കിയത്. വിദേശികളും സ്വദേശികളുമായ യാത്രക്കാരിൽ കൗതുകം ഉണർത്തുന്നതോടൊപ്പം കാഴ്ചകളിലുടെ ഒരു നാടിന്റെ ചരിത്രം പറയുകയാണ് ടെർമിനൽ ബിൽഡിംഗ്.
പാസഞ്ചർ ടെർമിനൽ കെട്ടിടത്തിനുള്ളിലെ വിഷ്ണുമൂർത്തി തെയ്യം ഇതിനോടകം സന്ദർശകരുടെ മനം കവർന്നിട്ടുണ്ട്. 35 അടി വീതിയിലും 55 അടി നീളത്തിലുമായി സിമന്റിൽ പെയിന്റും ലോഹങ്ങളും ഉപയോഗിച്ചു രണ്ടു മാസം കൊണ്ടാണു പൂർത്തീകരിച്ചത്. തെയ്യത്തിന്റെ മുഖത്തെഴുത്തും ചമയങ്ങളും സൂക്ഷ്മ ഭാവങ്ങളും ആലേഖനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കാലടി സംസ്കൃത സർവകലാശാലയിലെ ഒരു കൂട്ടം കലാകാരൻമാരാണ് ചിത്രം വരച്ചത്.
കലാരൂപങ്ങൾ, നൃത്തരൂപങ്ങൾ, ആഘോഷങ്ങളും ഭഗവതി തെയ്യം, ഗുളികൻ തെയ്യം, അമ്പലങ്ങൾ കാവുകൾ എല്ലാം ജീവൻ തുടിക്കുന്ന നിറക്കാഴ്ചയാണ്. കളം വരയ്ക്കൽ, ചെണ്ടമേളം, മാവിലാ കാവ് അടിയുത്സവം, പയ്യന്നൂർ പൈതൃകമായ പവിത്രമോതിരം, ലക്ഷംവിളക്ക്, നവരാത്രി ആഘോഷം മുതൽ ഓണപ്പൂക്കളം വരെയുണ്ട്.
ചെങ്കല്ലിന്റെ ഭംഗി കണ്ണൂർ വിമാനത്താവളത്തിലും തലയെടുപ്പോടെ നിൽക്കുന്നുണ്ട്. ഭൂരിഭാഗം നിർമാണങ്ങൾക്കും ചെങ്കല്ല് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ലൈഓവർ, പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ പുറംതൂണുകൾ, പ്രവേശന കവാടം എന്നിവിടങ്ങളിൽ ചെങ്കൽ തൂണുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഓവുചാൽ നിർമാണത്തിനും ഉപയോഗിച്ചതു ചെങ്കല്ലുകൾ തന്നെ. ചരക്കുനീക്കത്തിനു ഉപയോഗിച്ച കാളവണ്ടി, കൈവണ്ടി, ഓലയും പുല്ലും മേഞ്ഞ ഒറ്റമുറി കെട്ടിടങ്ങൾ, തെങ്ങുകൾ, കുളങ്ങൾ എന്നിവയും ചുമരുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നാട്ടുവഴികളും കളപ്പുരയും തെരുവ് കച്ചവടവും എല്ലാം മലബാറിന്റെ മുഖമായിരുന്നു. ചിത്രകാരൻ ഹരീന്ദ്രൻ ചാലാടാണ് ചിത്രങ്ങൾ വരച്ചെടുത്തത്. റോഡരികിൽ വച്ചു പിടിപ്പിക്കുന്ന ചെടിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.