മട്ടന്നൂർ: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ വിമാനം മട്ടന്നൂർ മൂർഖൻ പറമ്പിൽ പറന്നിറങ്ങിയപ്പോൾ മട്ടന്നൂർ പ്രദേശത്തുള്ളവരുടെ സന്തോഷം ഇരട്ടിയായിരുന്നു. വലിയ യാത്രാവിമാനം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പരിശോധനയ്ക്ക് എത്തുമെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞ ജനങ്ങൾ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടുവെങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്നു അറിഞ്ഞതോടെ അവർ പദ്ധതി പ്രദേശത്തിനു പുറത്തുനിന്ന് വിമാനം കണ്ടു.
സമീപപ്രദേശങ്ങളിലെ വീട്ടുകാർ വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിൽ കയറിയാണ് യാത്രാവിമാനം കൺനിറയെ കണ്ടത്. പഴശിരാജാ കോളജിനു സമീപത്തും ഏറെപ്പേർ കാത്തിരുന്നു. കിയാൽ അധികൃതർക്കും ജനപ്രതിനിധികൾക്കും തൊഴിലാളികൾക്കും മാധ്യമ പ്രവർത്തകർക്കും മാത്രമായിരുന്നു ഇന്നു വിമാനത്താവളത്തിലേക്ക് പ്രവേശനം.
കീഴല്ലൂർ പഞ്ചായത്തിലെ മൂർഖൻ പറമ്പിൽ വിമാനത്താവളത്തിനു വർഷങ്ങൾക്ക് മുമ്പ് 2000 ഏക്കറിലധികം സ്ഥലം ഏറ്റെടുത്തപ്പോൾ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചു ഇത്രയും വേഗം വിമാനം ഇറങ്ങുമെന്നു ആരും കരുതിയില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിമാനത്താവളത്തിൽ പരീക്ഷണ പറക്കലിനു ചെറുവിമാനം ഇറങ്ങിയിരുന്നു.
ഇതിനു ശേഷം കഴിഞ്ഞ മാസവും ഈ മാസവുമായി ആറു തവണ ചെറുവിമാനം റൺവേയിൽ ഇറങ്ങി. പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നേവിയുടെയും വിമാനത്താവളത്തിലെ ഐഎൽഎസ് ഉപകരണത്തിന്റെ പരിശോധനയ്ക്കുമാണ് ചെറുവിമാനങ്ങൾ എത്തിയത്.
നാളെയും വിമാനം ഇറങ്ങും
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് നാളെയും വിമാനമെത്തും. 70 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഇൻഡിഗോയുടെ ചെറുവിമാനമാണ് പരിശോധനയ്ക്ക് എത്തുക. രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം കണ്ണൂരിലേക്ക് പുറപ്പെടുക. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് ആരംഭിക്കുന്നതിനു ഇൻഡിഗോയ്ക്ക് അനുമതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇൻഡിഗോയുടെ വിമാനം പരിശോധനയ്ക്ക് എത്തുന്നത്.