മട്ടന്നൂർ: വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാ വിമാനത്തിന്റെ പരീക്ഷണ പറക്കൽ രാത്രിയിലും നടത്തും. ഈ മാസം അവസാനത്തോടെയാണ് രാത്രി പരിശോധന നടത്തുന്നത്. വിമാനത്താവളത്തിന്റെ നിർമാണ പ്രവൃത്തി പൂർത്തിയായതിനാൽ ഡയറക്ടർ ഓഫ് ജനറൽ സിവിൽ ഏവിയേഷന്റെ ലൈസൻസിനുള്ള പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കാൻ സഹായിക്കുന്ന ഐഎൽ എസിന്റെ പരിശോധന നടത്തുന്നതിനു യാത്രാ വിമാനം പരീക്ഷണ പറക്കൽ നടത്തിയിരുന്നു. എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെ വിമാനങ്ങളും സിവിൽ ഏവിയേഷന്റെ വിമാനങ്ങളുമാണ് പരിശോധനയ്ക്ക് എത്തിയിരുന്നത്. പകൽ പരിശോധന വിജയകരമായിരുന്നു. ഇനി രാത്രിയിലുള്ള പരീക്ഷണ പറക്കൽ നടത്തും.
സിഗ്നൽ സംവിധാനം പരിശോധിക്കുന്നതിനാണ് രാത്രിയിലും വിമാനം റൺവേയിൽ ഇറക്കിയും പറന്നുയുറന്നു പരിശോധന നടത്തുക. എയർ ഇന്ത്യയുടെ വിമാനമാണ് പരിശോധനയ്ക്ക് എത്തുക. ഐ എൽഎസിന്റെ പരിശോധന വീണ്ടും നടത്തണമെന്നു നിർദേശം മുണ്ടായാൽ പകൽ സമയത്ത് വിമാനം വീണ്ടും പരീക്ഷണ പറക്കലിനെത്തുമെന്നും വിവരമുണ്ട്.