മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കാനിരിക്കെ നിയമനങ്ങൾ വേഗത്തിൽ നടത്തും. അടുത്ത മാസത്തോടെ വിമാനത്താവളത്തിലേക്കുള്ള മുഴുവൻ നിയമനങ്ങളും പൂർത്തീകരിക്കാനാണ് നീക്കം നടക്കുന്നത്. വിമാനത്താവള കമ്പനിയായ കിയാലിനു ആവശ്യമായ നിയമനങ്ങൾ നേരത്തെ നടത്തിയിരുന്നു.
130 ഓളം പേരെയാണ് കിയാലിലേക്ക് നിയമിച്ചത്. എയർപോർട്ട് ഫയർസ്റ്റേഷൻ, എയർ പോർട്ട് സെക്യൂരിറ്റി, എയർ പോർട്ട് ഓപ്പറേഷൻ എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം നടത്തിയത്. വിമാനത്താവളത്തിലെ അനുബന്ധ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളാണ് ഇനി നടക്കേണ്ടത്. ഇതിൽ 600 പേരെ ഇനിയും നിയമിക്കും. ഏജൻസി വഴിയാണ് ഉദ്യോഗാർഥികളെ ഇന്റർവ്യു നടത്തി നിയമിക്കുന്നത്.
എയർ ഇന്ത്യയും സെൽവി എന്ന ഏജൻസിയുമാണ് ഉദ്യോഗാർഥികളെയെടുക്കുക. കഴിഞ്ഞ മാസം എയർ ഇന്ത്യ കണ്ണൂരിൽ ഇന്റർവ്യൂ നടത്തിയിരുന്നുവെങ്കിലും 300 പേരെയെടുക്കുന്നതിനു 4000 ത്തോളം പേർ എത്തിയതിനാൽ ഇന്റർവ്യൂ നടത്താൻ സാധിച്ചിരുന്നില്ല. അന്നു അപേക്ഷ വാങ്ങി വച്ചു ഉദ്യോഗാർഥികളെ തിരിച്ചയക്കുകയായിരുന്നു. ഇരു ഏജൻസികളും ഈ മാസവും അടുത്ത മാസവുമായി ഇന്റർവ്യൂ നടത്തി ഉദ്യോഗാർഥികളെയെടുക്കാനാണ് ആലോചന നടത്തുന്നത്.
വിമാനത്താവളത്തിനു വീടും സ്ഥലവും നൽകി കുടിയൊഴിഞ്ഞ കുടുംബങ്ങൾക്ക് മുൻഗണന നൽകിയാണ് നിയമനം നടത്തുക. ഇതിനു പുറമെ വിമാനത്താവളത്തിൽ ക്ലീനിംഗ് ചെയ്യുന്നതിനു 50 പേരെയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. സിഐഎസ്എഫ്, എമിഗ്രേഷൻ, കസ്റ്റംസ് എന്നീ വിഭാഗങ്ങളിലേക്കും കൂടുതൽ പേരെത്തും.