കണ്ണൂർ: ആധുനിക കാലഘട്ടത്തിന് അനുയോജ്യമായി ലോക വ്യോമയാനരംഗത്തു ഇതു വരെ നടപ്പിലാക്കാത്ത ക്യൂരഹിത സംവിധാനം കണ്ണൂർ വിമാനത്താവളത്തിൽ യാഥാർഥ്യമാക്കണമെന്നു ദിശ , കേരളാ ചേംബർ, കേരള ടെക്സ്റ്റൈൽ എക്സ്പോർട്ട് ഓർഗനൈസേഷൻ എന്നീ സംഘടനകൾ കിയാൽ എംഡി തുളസിദാസിനോട് വീണ്ടും അഭ്യർഥിച്ചു. കണ്ണൂർ വിമാനത്താവളം ആഗോളശ്രദ്ധ ആകർഷിക്കുവാൻ ഇതൊരു മികച്ച ചുവടുവയ്പായിരിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.
ഗൾഫ് മേഖലയ്ക്ക് പുറമെ ഏഷ്യൻ – ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പ്രധാനവും കോഴിക്കോട് നിന്നും റൂട്ടുകളില്ലാത്തതുമായ സിംഗപ്പൂർ, ക്വലാലംപൂർ, കൊളംബോ, ഹോംഗ്കോംഹ്, മൗറീഷ്യസ്, ജൊഹാനസ്ബർഗ് നഗരങ്ങളിലേക്കും കണ്ണൂരിൽ നിന്നും യാത്ര ചെയ്യാനുള്ള സാധ്യതകൾ ഉണ്ടാവകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സ്വയം ചെക്ക് ഇൻ ചെയ്യാനുള്ള സംവിധാനങ്ങൾ തരപ്പെടുത്തുന്നുണ്ടെന്നും ക്യൂ രഹിത സംവിധാനങ്ങൾ പ്രാവർത്തികമാക്കാൻ എല്ലാവരുമായി ചർച്ച നടത്തി സാധ്യമായത് ചെയ്യുമെന്നും തുളസിദാസ് ഉറപ്പു നൽകിയതായും യാത്രക്കാർക്ക് ഏറ്റവും ആയാസരഹിതമായ രീതിയിൽ ഉപയോഗിക്കുവാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ കിയാൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയതായും ഭാരവാഹികൾ അറിയിച്ചു.
വിവിധ റൂട്ടുകൾ കേന്ദ്ര സർക്കാർ വിദേശ സർക്കാരുകളുമായി ഉണ്ടാക്കുന്ന ധാരണകളുടെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്നതിനാൽ സംസ്ഥാന സർക്കാർ മുഖേന കേന്ദ്ര സർക്കാരോട് അഭ്യർത്ഥിച്ചു പ്രാവർത്തികമാക്കാൻ കിയാൽ ശ്രമിക്കുമെന്നും തുളസിദാസ് വ്യക്തമാക്കി.
ദിശ ഭാരവാഹികളായ സി.ജയചന്ദ്രൻ, മധുകുമാർ, കേരളാ ചേംബർ ഭാരവാഹികളായ ടി. സോമശേഖരൻ, കേരളാ ടെക്സ്റ്റൈൽ എക്സ്പോർട്ടർസിന്റെ കെ.ടി. രാമകൃഷ്ണൻ എന്നിവർ നിവേദസംഘത്തിൽ ഉണ്ടായിരുന്നു.