മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർമാണ പ്രവൃത്തി വിലയിരുത്തുന്നതിനു മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വിമാനത്താവളത്തിലെത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രി വിമാനത്താവളം സന്ദർശിച്ച ശേഷം അവലോകന യോഗത്തിൽ പങ്കെടുക്കും.
വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, കളക്ടർ മിർ മുഹമ്മദലി, ഐജി ബൽറാം കുമാർ ഉപാധ്യയ, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, കിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഡിസംബർ ഒൻപതിനു നടക്കുന്ന ഉദ്ഘാടനത്തിൽ ഒരു ലക്ഷം പേരെയാണ് കിയാൽ പ്രതീക്കുന്നത്.
കേരളീയ തനിമയിലാണ് ഉദ്ഘാടനം നടക്കുക. ഉദ്ഘാടനത്തിന്റെ വേദി വിമാനത്താവളത്തിൽ എവിടെയാക്കുമെന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ തീരുമാനിക്കും.