മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള കവാടത്തിലെ കൂറ്റൻ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. കാര പേരാവൂരിലെ രണ്ടാം ഗേറ്റിലെ മൂന്ന് മരങ്ങളാണ് നിലം പതിക്കാറായിട്ടുള്ളത്. വിമാനത്താവള റോഡായ മട്ടന്നൂർ – അഞ്ചരക്കണ്ടി റോഡരികിലാണ് മരങ്ങൾ ഉണങ്ങി നിൽക്കുന്നത്. തേക്ക് മരങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുള്ളത്.
മരത്തിന്റെ ശിഖരങ്ങൾ പൊട്ടി റോഡിലേക്ക് ഇടയ്ക്കിടെ വീഴുന്നുണ്ട്. മട്ടന്നൂർ – അഞ്ചരക്കണ്ടി റൂട്ടിലെ ബസുകളും വിമാനത്താവളത്തിലേക്കുള്ള നൂറുകണക്കിന് വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പൊതുമരാമത്ത് അധികൃതരോട് പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.
അപകടം സംഭവിച്ചാൽ മാത്രം നടപടി സ്വീകരിക്കുന്ന അധികൃതർ മരം മുറിച്ച് മാറ്റാൻ തയാറാകണമെന്ന് വാഹന യാത്രക്കാർ പറഞ്ഞു.