മട്ടന്നൂർ: രാജ്യത്തെ നാലാമത്തെ ഹമ്പ് വിമാനത്താവളമാക്കി കണ്ണൂർ വിമാനത്താവളമാക്കി മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങി. നിലവിൽ റൺവേ 3050 മീറ്റർ നീളത്തിൽ നിർമാണം പൂർത്തിയാക്കിയെങ്കിലും 4000 മീറ്ററാക്കാനുള്ള പരിശ്രമത്തിലാണ് വിമാനത്താവള കമ്പനിയായ കിയാൽ.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ റൺവേയുടെ പ്രവൃത്തി പൂർത്തിയായിരുന്നു. റൺവേ 3050 മീറ്ററിൽ ഒതുങ്ങാൻ പാടില്ലെന്നും 4000 മീറ്ററാക്കണമെന്നും ആവശ്യപ്പെട്ടു സിപിഎം നേതാക്കൾ ഉൾപ്പെടെ രംഗത്ത് വന്നതോടെ റൺവേ 4000 മീറ്ററാക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തീരുമാനിക്കുകയായിരുന്നു.
റൺവേയുടെ നീളം വർധിപ്പിക്കാൻ 250 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. കീഴല്ലൂർ പഞ്ചായത്തിൽ വരുന്ന കാനാട് പ്രദേശത്താണ് സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള ടെക്നിക്കൽ സർവേ മാസങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയാക്കിയിരുന്നു. സർവേ പൂർത്തിയായതിനാൽ കിൻഫ്ര നോട്ടിഫിക്കേഷനു അയച്ചിരിക്കുകയാണ്.
സർക്കാർ ഉത്തരവ് വരുന്നത് പ്രകാരം 250 ഏക്കർ സ്ഥലം ഏറ്റെടുക്കുമ്പോൾ എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നുള്ള പരിശോധന തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തും. ഇതിനു ശേഷമായിരിക്കും കിൻഫ്ര സ്ഥലം ഏറ്റെടുക്കുക. 250 ഏക്കർ സ്ഥലം കൂടി ഏറ്റെടുത്തു കഴിഞ്ഞാൽ വേഗത്തിൽ തന്നെ റൺവേ 4000 മീറ്ററാക്കുകയെന്ന ലക്ഷ്യമാണ് കിയാലിനു. റൺവേ 4000 മീറ്ററാകുന്നതോടെ ഇന്ത്യയിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരാകും.