മട്ടന്നൂര്‍: നാടിന്റെ ഉത്സവമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനച്ചടങ്ങിനെ മാറ്റാന്‍ 11 ന് സംഘാടകസമിതി രൂപീകരിക്കും. വൈകുന്നേരം നാലിന് മട്ടന്നൂര്‍ ടൗണ്‍ സ്ക്വയറിലാണ് സംഘാടകസമിതി രൂപീകരണ യോഗം ചേരുക. വ്യവസായ മന്ത്രി ഇ.പി. ജയരാജനും ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പങ്കെടുക്കും.
കണ്ണൂരിന്റെ സ്വപ്നപദ്ധതിയായ വിമാനത്താവളം രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന ചടങ്ങ് ഉത്സവാന്തരീക്ഷത്തില്‍ നടത്താനാണ് തീരുമാനം. ഒരുലക്ഷത്തോളംപേര്‍ക്ക് ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാനുള്ള സൗകര്യമൊരുക്കും. ചടങ്ങ് മുഴുവനാളുകള്‍ക്കും വീക്ഷിക്കാന്‍ എല്‍ഇഡി വാള്, എച്ച്ഡി കാമറ സൗകര്യവും ഏര്‍പ്പെടുത്തും.
വിമാനത്താവള എയര്‍ട്രാഫിക് കണ്ട്രോള് ടവറിനു സമീപമാണ് സ്റ്റേജും പന്തലുമൊരുക്കുക. 4800 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് വേദി. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെയും കേന്ദ്രസംസ്ഥാന മന്ത്രിമാരെയും മറ്റു ജനപ്രതിനിധികളെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിക്കുന്നതിനുള്പ്പെടെ വിവിധ കമ്മിറ്റികളും രൂപീകരിക്കും.
കേരളത്തിന്റെ സാംസ്കാരികതനിമ വിളിച്ചോതുന്ന രീതിയിലായിരിക്കും വിമാനത്താവള സമര്‍പ്പണ ചടങ്ങ്. തെയ്യവും ചെണ്ടമേളവും കളരിപ്പയറ്റും കഥകളിയും ഒപ്പനയും വിവിധ നൃത്തരൂപങ്ങളും ഉദ്ഘാടനച്ചടങ്ങിനെ വര്‍ണാഭമാക്കും. സിഐഎസ്എഫും പോലീസും സുരക്ഷയൊരുക്കും. മട്ടന്നൂരിന് സമീപത്തെ സ്കൂളുകളിലെ എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ വളണ്ടിയര്‍മാരായി പരിഗണിക്കും. പൂര്‍ണമായും സിസിടിവി വലയത്തിലായിരിക്കും പ്രദേശം. പ്രവേശനത്തിന് വിവിധതരം പാസുകളും നല്‍കും.