മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ ലക്ഷങ്ങൾ ചിലവിട്ടു സ്ഥാപിച്ച തെരുവ് വിളക്കുകൾ നോക്കുകുത്തിയാകുന്നു. ആറു മാസം മുമ്പ് പ്രവൃത്തി പൂർത്തീകരിച്ചുവെങ്കിലും പ്രകാശിപ്പിക്കാനായില്ല. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂർ -അഞ്ചരക്കണ്ടി റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.
വായാന്തോട് മുതൽ കാര പേരാവൂർ വരെയുള്ള അഞ്ച് കിലാമീറ്ററോളം വരുന്ന റോഡിലാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. റോഡിന്റെ ഇരുവശങ്ങളിലുമായാണ് ഇടവിട്ടു 200 ഓളം കൂറ്റൻ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. വിമാനത്താവള കമ്പനിയായ കിയാലിന്റെ ഫണ്ട് ഉപയോഗിച്ചാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.
നിർമാണ പ്രവൃത്തി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വിളക്കുകൾ പ്രകാശിപ്പിക്കാത്തതിൽ ജനങ്ങളിൽ പ്രതിഷേധം ഉയർന്നു. വൈദ്യുത ചാർജ് അടക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നമാണ് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നത് വൈകുന്നതെന്നു പറയുന്നു. തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങൾ വൈദ്യുത ചാർജ് അടയ്ക്കണവെന്നാണ് കിയാൽ അറിയിച്ചത്.
ഇതിനു തദ്ദശ സ്വയ ഭരണസ്ഥാനങ്ങൾ തയാറാകാത്തതാണ് തെരുവ് വിളക്കുകൾ പ്രവർത്തിക്കാൻ വൈകുന്നത്. വിമാനത്താവള ഉദ്ഘാടനത്തിനും തുടർന്നു തെരുവ് വിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ നാട്ടുകാർ തെരുവ് വിളക്കുകളുടെ തൂണിൽ പന്തം കെട്ടി പ്രതിഷേധിച്ചിരുന്നു. തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നു ഉണ്ടാകണമെന്നു നാട്ടുകാർ പറഞ്ഞു.