മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത ദന്പതികൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. എടയന്നൂർ നിരിപ്പോട്ട് കരിയിലെ വിസ്ന നിവാസിൽ എ.ടി.വിനീതിന്റെ പരാതി പ്രകാരം പുനല്ലൂർ മണിയാറിലെ രജി മനോഹരൻ, ഭാര്യ കൊല്ലം കടമ്പനാട്ടെ അർച്ചന രജി എന്നിവരെ പ്രതിചേർത്താണ് മട്ടന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വിമാനത്താവളത്തിൽ ജൂണിയർ എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യൂട്ടീവ് എന്നീ തസ്തികളിലേക്ക് നിയമിക്കാമെന്നു പറഞ്ഞാണ് 15,50,000 രൂപ തട്ടിയെടുത്തത്. ഹിൻഡ് വെയർ കമ്പനിയുടെ ഓൾ കേരള സർവീസ് ഹെഡായിരുന്നു രജിമനോഹരൻ. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് പ്രതി പരാതിക്കാരനെ പരിചയപ്പെടുന്നത്.
വിമാനത്താവളത്തിന് ഷെയർ ഉണ്ടെന്ന് പറഞ്ഞ് പ്രതികൾ
2017 മെയ് മാസം മട്ടന്നൂരിലെത്തിയ രജി തനിക്കും ഭാര്യയ്ക്കും ഭാര്യയുടെ സഹോദരൻ അജിക്കും കണ്ണൂർ വിമാനത്താവളത്തിൽ ഷെയർ ഉണ്ടെന്നും തന്റെ സ്വന്തം വസ്തു വിമാനത്താവളത്തിനു വേണ്ടി അക്വയർ ചെയ്തിരുന്നുവെന്നും വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടർ അടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞു വിനീതിനെ വിശ്വസിപ്പിക്കുകയായിരുന്നത്രെ.
സഹോദരൻ അജി വിമാനത്താവളത്തിന്റെ നിർമാണ പ്രവൃത്തി നടത്തുന്ന സബ് കോൺട്രാക്ടറാണെന്നും അയാൾക്ക് എംഡിയുമായി അടുത്ത ബന്ധമുണ്ടെന്നും നിയമനങ്ങളൊക്കെ നടത്തുന്നതും നിയന്ത്രിക്കുന്നതും എംഡിയാണെന്നും പണം നൽകിയാൽ വിമാനത്താവളത്തിൽ കൈവശമുള്ള ചില കാറ്റഗറിയിൽ പരാതിക്കാരനോ ബന്ധുക്കൾക്കോ ജോലി ശരിയാക്കി തരാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. എന്റെ ബന്ധുക്കൾക്കും മറ്റും ഇത്തരത്തിൽ ജോലി ശരിയാക്കിയിട്ടുണ്ടെന്നും സംശയമുണ്ടെങ്കിൽ അന്വേഷിക്കാമെന്നും പറഞ്ഞതായി പരാതിയിൽ പറയുന്നു.
ഒന്നാം പ്രതി പറഞ്ഞതനുസരിച്ച് രണ്ടാം പ്രതിയായ അർച്ചനയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ രജി മനോഹരൻ പറഞ്ഞ അതേ വാഗ്ദാനങ്ങൾ അവരും ആവർത്തിക്കുകയായിരുന്നുവത്രെ. പരാതിക്കാരന് കൂടുതൽ വിശ്വാസമുണ്ടാക്കുന്നതിനു രജിമനോഹരൻ വിനീതിന്റെ വാട്സ് അപ്പ് നമ്പറിൽ വിമാനത്താവളത്തിൽ ജോലിക്ക് അവസരങ്ങൾ ഉണ്ടെന്നുള്ള പരസ്യവും അയച്ചു കൊടുത്തു.
കൂടാതെ ഒന്നാം പ്രതിയായ രജി മനോഹരൻ കണ്ണൂർ വിമാനത്താവളത്തിൽ നിൽക്കുന്ന ഫോട്ടോയും കൊച്ചി വിമാനത്താവളത്തിൽ തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും അതിനുള്ളിൽ രജിക്ക് ബിസിനസ് ഉണ്ടെന്നും തെറ്റിധരിപ്പിക്കാനായി സിയാലിന്റെ ലേബർ ഐഡിറ്റിറ്റി കാർഡ് കാണിച്ചു കൊടുക്കുകയും ചെയ്തതോടെ പരാതിക്കാരനു വിശ്വാസമുണ്ടാകുകയായിരുന്നത്രെ. ഇതേ തുടർന്നു പരാതിക്കാരന്റെ ഭാര്യയ്ക്കും ബന്ധുവിനും സുഹൃത്തിനും ജോലി നൽകാമെന്നും രജി പറഞ്ഞതായും പരാതിയിൽ പറയുന്നു.
മൂന്നു തവണയായി നല്കിയത് 15, 500,00 രൂപ
പ്രതികൾ പണം ആവശ്യപ്പെട്ടതിനാൽ വിനീത് സൗത്ത് ഇന്ത്യൻ ബാങ്ക് മട്ടന്നൂർ ബ്രാഞ്ച് അക്കൗണ്ടിൽ നിന്നു 2017 മെയ് 12 മുതൽ ജൂലൈ 12 വരെയുള്ള കാലയളവിൽ പല തവണകളിലായി ഏഴര ലക്ഷവും സുഹൃത്ത് സൂരജിന്റെ ഇന്ത്യൻ ഓവർസീസ് ബാങ്ക് കണ്ണൂർ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നു 7 ലക്ഷം രൂപയും പ്രതിയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. തുടർന്നു പ്രതി ആവശ്യപ്പെട്ടതു പ്രകാരം ജൂൺ 27 നു മട്ടന്നൂരിൽ വച്ചു ഒരു ലക്ഷം രൂപയും നൽകി.
2017 സെപ്റ്റംബറിൽ ജോലിക്കായി ഇന്റർവ്യൂവിനു വിളിക്കുമെന്നും ജോലി ഉറപ്പാണെങ്കിലും ഇന്റർവ്യൂവിൽ പേരിനു പങ്കെടുക്കണമെന്നും പ്രതി പറഞ്ഞുവത്രെ. ഉദ്യോഗാർഥികളിൽ നിന്നു സർട്ടിഫിക്കറ്റുകളും രേഖകളും വാങ്ങിയിരുന്നു.
ജോലി സംബന്ധിച്ച് യാതൊരു അറിയിപ്പും കിട്ടാത്തതിനാൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പേടിക്കേണ്ടെന്നും വിമാനത്താവള പ്രവർത്തനങ്ങൾ നീണ്ടുപോകുന്നത് കൊണ്ടാണ് നിയമനങ്ങൾ നീളുന്നതെന്നും പറയുകയുണ്ടായി.
തുടർന്നങ്ങോട്ട് യാതൊരു അറിയിപ്പും ഇല്ലാത്തതിനാൽ പ്രതിയെ ബന്ധപ്പെട്ടപ്പോൾ പല തരം കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുകയും പിന്നീട് ഫോണിൽ വിളിച്ചിട്ട് കിട്ടാനില്ല എന്നും പരാതിയിൽ പറയുന്നു. പ്രതികളുടെ പ്രവൃത്തിയിൽ നിന്നും പ്രതികൾ പറഞ്ഞത് കളവാണെന്ന് തെളിയുകയായിരുന്നത്രെ.
തുടർന്നു പ ണം ആവശ്യപ്പെട്ടപ്പോൾ പണം വിമാനത്താവള ഡയറക്ടർക്കാണ് നൽകിയിട്ടുള്ളതെന്നും ഉടൻ തിരിച്ചുനൽകാനുള്ള ഏർപ്പാട് ചെയ്യാമെന്നും പറഞ്ഞതായും പരാതിയിൽ പറയുന്നു. 2018 മാർച്ച് മാസം കഴിഞ്ഞിട്ടും പണം ലഭിക്കാൻ നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാറില്ലെന്നും തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നും വിനീത് പറഞ്ഞു.
പരാതികൾ കൂടുന്നു
വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. വിമാനത്താവളത്തിൽ പ്രവൃത്തി ഏറ്റെടുത്ത സബ് കരാറുകാരനെതിരെയും ഒരു പോലീസുകാരനെതിരെയും പരാതി ഉയർന്നിരുന്നു.
കരാറുകാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡി വൈഎഫ്ഐ പ്രവർത്തകർ വിമാനത്താവളത്തിലെ നിർമാണ കമ്പനിയിലെ ഓഫീസിലേക്ക് മാർച്ചു നടത്തുകയും ചെയ്തിരുന്നു. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടുന്നതായി പരാതികൾ ഉണ്ട്.