കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായുള്ള കാത്തിരുപ്പിലാണ് മലയാളികള്‍ ഏവരും. ഈയവസരത്തിലിതാ വിമാനത്താവളത്തെ ഏറ്റവും ആഹ്ലാദത്തോടും ഉത്സാഹത്തോടും കൂടെ സ്വീകരിക്കുന്നതിനായി, ഉദ്ഘാടന ദിവസത്തിലേയ്ക്കായി അതിമനോഹരമായ ഒരു തീം സോംഗ് ഒരുങ്ങിയിരിക്കുന്നു.
ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആര്‍. വേണു ഗോപാലിന്റെ വരികള്‍ക്ക് രാഹുല്‍ സുബ്രമണ്യനാണ് ഈണം നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ ഒമ്പത് ഞായറാഴ്ചയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം. നാടിന്റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷീ നീ ചിറകടിക്കൂ.. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കേരളനാടിനെ കൊണ്ടു പോകൂ’.. എന്ന് തുടങ്ങുന്ന ഗാനമാണ് വിമാനത്താവളത്തിനായി ഒരുക്കിയ തീം സോങ്. ഗാനം ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, ഫിലിപ്പ് ആന്‍ഡ് ദി മംഗ്ഗി പെന്‍ എന്നീ ചിത്രങ്ങളിലെ ഈണങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് രാഹുല്‍ സുബ്രഹ്മണ്യന്‍. ഒമ്പതാം തീയതി ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ മൂന്ന് കമ്പനികളാണ് അദ്യഘട്ട സര്‍വീസ് നടത്തുന്നത്.
അബുദാബിയിലേക്കായിരിക്കും ആദ്യ സര്‍വീസ്. ഉദ്ഘാടന ദിവസം രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20 ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും.
https://youtu.be/hpYwx43UQhU