കണ്ണൂര്‍: സ്വര്‍ണക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനം മാറുന്നതായി വിവരം. വിമാനത്താവളം സജ്ജമായി ഒരു മാസം പൂര്‍ത്തീകരിക്കും മുമ്പ് രണ്ട് സ്വര്‍ണ്ണക്കടത്തുകാരെയാണ് കണ്ണൂരില്‍ വെച്ച് പിടികൂടിയത്. എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ റിയാദില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ താമരശ്ശേരി സ്വദേശി നടുക്കുന്നുമ്മല്‍ ജംഷീറാണ് ഇന്നലെ പിടിയിലായത്.
റോളര്‍ സ്കേറ്റിങിനുപയോഗിക്കുന്ന ഷൂവിന്റെ ചക്രങ്ങളില്‍ ഒളിപ്പിച്ചു വച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. 829 ഗ്രാം സ്വര്‍ണ്ണമാണ് ജംഷീറില്‍ നിന്നും പിടികൂടപ്പെട്ടത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് പത്ത് ദിവസത്തിനകം തന്നെ പിണറായി സ്വദേശിയില്‍ നിന്നും രണ്ട് കിലോ ഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് റവന്യൂ ഇന്‍ന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു.
മംഗളുരു എയര്‍പോര്‍ട്ട് കേന്ദ്രകരിച്ചു കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങള്‍ ഇപ്പോള്‍ കണ്ണൂരിലേക്ക് കൂടുമാറിയിരിക്കുകയാണെന്നാണ് വിവരം. ഇതിന്റെ ഫലമെന്നവണ്ണം മംഗളുരുവില്‍ നിന്നു പിടിക്കപ്പെടുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി കുറയുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളം വരും മുമ്പ് തന്നെ സാമ്പത്തിക ഇടപാട് മുന്നില്‍ കണ്ട് ഇത്തരം കള്ളക്കടത്തു സംഘങ്ങള്‍ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞിരുന്നു. അത്തരത്തിലുള്ള സൂചനകള്‍ പൊലീസിനും ലഭിക്കുകയുണ്ടായി.
ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്കിയ ക്രിമിനല്‍ സംഘങ്ങള്‍ നേരത്തെ തന്നെ ക്വട്ടേഷന്‍ സംഘങ്ങളായും മാഫിയാ സംഘങ്ങളായും മറ്റും പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ ക്രിമനലുകള്‍ കൊടിയുടേയും പ്രത്യയ ശാസ്ത്രത്തിന്റേയും വേര്‍തിരിവില്ലാതെ കര്‍ണ്ണാടമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ സാമ്പത്തിക -ഗുണ്ടാ ഇടുപാടുകളില്‍ സജീവ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. കാസര്‍ഗോട്ടെ ലഹരിമാഫിയകളും ഹവാലക്കാരും ഒന്നിക്കുന്നതിന്റെ സൂചനകളുമുണ്ട്.
കവര്‍ച്ച, ഹവാല കൊള്ള തുടങ്ങിയ കാര്യങ്ങളില്‍ ഒരു കാലത്ത് പരസ്പരം പോരാടിയവര്‍ ഇപ്പോള്‍ ഒരുമിച്ച് നില്‍ക്കുകയാണ്. ഹവാല സംഘങ്ങള്‍ പണവുമായി വരുന്ന സമയത്ത് അവരുടെ വാഹനം തടഞ്ഞു നിര്‍ത്തി ആയുധങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സംഘങ്ങള്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്. കര്‍ണ്ണാടക-കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും എത്തുന്ന പണം വഴി തിരിച്ച് വിട്ട് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലെത്തിച്ച് പണം തട്ടുകയാണ് പതിവ്,. വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ കാസര്‍ഗോട്ടെ സ്വര്‍ണ്ണകടത്ത് സംഘങ്ങളുമായി ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ ബന്ധപ്പെട്ടു കഴിഞ്ഞുവെന്നാണ് വിവരം. കേരളത്തിന്റെ കുറ്റകൃത്യ തലസ്ഥാനം എന്ന സ്ഥാനം കൊച്ചി കണ്ണൂരിന് വെച്ചുമാറുമോയെന്നാണ് ഇനി അറിയേണ്ടത്.