പയ്യന്നൂര്‍: സമീപകാലത്തായി പയ്യന്നൂരിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറവിലുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. മേയ് രണ്ടിന് രാവിലെയാണ് കുഞ്ഞിമംഗലം കണ്ടംകുളങ്ങര യുപി സ്കൂളിന് സമീപം താമസിക്കുന്ന എം.കെ.സഹദേവന്റെ ഉടമസ്ഥതയിലുള്ള കെട്ടിട നിര്‍മാണം നടക്കുന്നിടത്ത് അക്രമം നടന്നതായി കണ്ടത്.
കെട്ടിട നിര്‍മാണത്തിനായി നിര്‍മിച്ച വര്‍ക്ക്ഷെഡും കോണ്‍ക്രീറ്റ് ചെയ്യാനായി കുഴിച്ചിട്ടിരുന്ന കോളങ്ങളും നിര്‍മാണം നടന്നുകൊണ്ടിരുന്ന കിണറുമുള്‍പ്പെടെ അക്രമികള്‍ നശിപ്പിച്ചു.നാല് കോടി രൂപ മുതല്‍ മുടക്കില്‍ ഐടി പ്രൊജക്ടിനായുള്ള കെട്ടിട നിര്‍മാണത്തിനിടെയാണ് അക്രമികള്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയത്.
കഴിഞ്ഞ എപ്രില്‍ 29നാണ് കരിവെള്ളൂര്‍ പെരളം എന്‍എസ്എസ് കരയോഗമന്ദിരത്തിനായി നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ കല്ലുകള്‍ ഇളക്കിമാറ്റി കട്ടിള മോഷ്ടിച്ചത്. കരയോഗം പ്രസിഡന്റ് രാധാകൃഷ്ണന് നായരുടെ പരാതിയില്‍ കേസെടുത്ത പോലീസിന് അന്വേഷണത്തിനിടയില്‍ ജൂണ്‍ 19ന് മോഷ്ടിക്കപ്പെട്ട കട്ടിള കണ്ടുകിട്ടി.പെരളം കള്ളുഷാപ്പിന്റെ തട്ടുമ്പുറത്ത് ഒളിപ്പിച്ച് വെച്ച നിലയിലാണ് കട്ടിള കണ്ടെത്തിയത്.പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിലെ പ്രതികളെ പിടികൂടാനും കഴിഞ്ഞിട്ടില്ല.
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയില്‍ നിര്‍മാണത്തിലിരുന്ന എന്‍എസ്എസ് കരയോഗ മന്ദിരത്തിനായി സണ്‍ഷേഡ് ഉയരത്തില്‍ കല്ലുകെട്ടി ലിൻഡില്‍ കോണ്‍ക്രിറ്റ് ചെയ്യാനായ കെട്ടിടം ഇരുളിന്റെ മറവില്‍ തകര്‍ത്തതായി കണ്ടെത്തിയത് ജൂലൈ 24നാണ്. കെട്ടിടത്തിന്റെ കട്ടിള, ജനല്‍,കെട്ടിയ കല്ലുകള്‍, വാര്‍പ്പ് സാമഗ്രികകള്‍ എന്നിവ ഇളക്കി പറിച്ചെടുത്ത് നശിപ്പിച്ച നിലയിലാണുണ്ടായിരുന്നത്.
നഗരഹൃദയത്തിലെ ഇന്‍വെര്‍ട്ടറും ബാറ്ററികളും മോഷണം,നിര്‍ത്തിയിട്ട ലോറികളുടെ ടയര്‍ മോഷണം,കരിവെള്ളൂരിലും വെള്ളൂരിലും കവര്‍ച്ച എന്നീ സംഭവങ്ങളുള്‍പ്പെടെ നിരവധി കേസുകളെടുത്തിരുന്നു.മികച്ച സേനാബലം പയ്യന്നൂര്‍ പോലീസിനുണ്ടായിട്ടും ഇത്തരം സംഭവങ്ങളിലെ പ്രതികളെ പിടികൂടാന്‍ പോലീസിനാകാത്തത് ചര്‍ച്ചയായിട്ടുണ്ട്.