കണ്ണൂർ: എടിഎം കൗണ്ടറുകളിൽനിന്നു പണമെടുക്കുന്പോൾ പുറത്തേക്ക് വീഴുന്നതു വ്യാപകമാകുന്നു. പുതിയ സാങ്കേതികവിദ്യയിൽ നിർമിച്ച എടിഎമ്മുകളിൽനിന്നാണ് പണമെടുക്കുന്പോൾ പുറത്തേക്ക് വീഴുന്നത്. ചിലപ്പോൾ പണം വരുവാൻ മിനിറ്റുകളോളം താമസമെടുക്കും.
ഈ സമയം ഇടപാടുകാരൻ പണം കിട്ടുകയില്ലെന്ന് വിചാരിച്ച് പുറത്തേക്ക് പോവുകയും ചെയ്യും. എന്നാൽ മിനിറ്റുകൾക്കകം പണം പുറത്ത് വന്നു തറയിലേക്ക് വീഴുകയും ചെയ്യും.നേരത്തെ എടിഎമ്മുകളിൽനിന്ന് ഇടപാടുകാർ പുറത്തുവരുന്ന പണം ട്രേയിലെത്തി അവിടെ നിന്ന് എടുക്കുകയായിരുന്നു ചെയ്തിരുന്നത്.
ഇന്നു രാവിലെ കണ്ണൂർ ചെട്ടിപ്പീടികയിലെ എസ്ബിഐ എടിഎം കൗണ്ടറിൽ പണമെടുക്കാൻ ചെന്ന ഇടപാടുകാരൻ 500 രൂപയുടെ നോട്ടുകൾ തറയിൽ കിടക്കുന്നതായി കാണുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സംഭവസ്ഥലത്തെത്തി പണം കസ്റ്റഡിയിലെടുത്ത് ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പണം കൈമാറുകയും ചെയ്തു. അഞ്ഞൂറിന്റെ 20,000 രൂപയായിരുന്നു ചിതറിക്കിടന്നിരുന്നത്.