സ്വന്തം ലേഖകൻ
കണ്ണൂർ: ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഭാഗികമായി തുറന്നെങ്കിലും വൻ ജനക്കൂട്ടം എത്തിയതിനെത്തുടർന്ന് ഇവിടങ്ങളിലേക്കുള്ള വിലക്ക് നീട്ടി. ഈമാസം 15 വരെ വിലക്ക് തുടരുമെന്ന് ജില്ലാകളക്ടർ ടി.വി. സുഭാഷ് അറിയിച്ചു.
ജില്ലയിലെ നാലു ബീച്ചുകളിലും ആളുകളെ പ്രവേശിപ്പിക്കുന്നത് തടയും. ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ ഭാഗികമായി ഇന്നലെയാണ് തുറന്നത്. എന്നാൽ ബീച്ചുകളിൽ വൻതോതിൽ ആളുകളെത്തിയത് പോലീസിന് തലവേദനയാകുകയായിരുന്നു.
കോവിഡിനുശേഷം വിനോദസഞ്ചാരകേന്ദ്രങ്ങൾ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്നലെമുതൽ ബീച്ചുകൾ വിനോദത്തിനായി തുറന്നുകൊടുത്തത്.
ജില്ലയിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, പയ്യാന്പലം, ചാൽ ബീച്ച്, ചൂട്ടാട് ബീച്ച് എന്നിവ തുറന്നുകൊടുത്തെങ്കിലും നിരോധനാജ്ഞ നിലവിലുള്ളതിനാൽ പോലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു.
അതേസമയം ബീച്ചുകളിൽ ആളുകൾ കൂടുന്നതിനാൽ നിരോധനാജ്ഞ തീരുംവരെ സന്ദർശകരെ അനുവദിക്കരുതെന്നായിരുന്നു ദുരന്തനിവാരണ അഥോറിറ്റിയുടെ നിലപാട്.
ഇക്കാര്യം ചർച്ചചെയ്യാൻ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് അടച്ചിടൽ തുടരാനുള്ള തീരുമാനമുണ്ടായത്. സെക്ടർ മജിസ്ട്രേറ്റുമാർ ഇന്നലെ ബീച്ചുകളിൽ പരിശോധന നടത്തി.
പയ്യാന്പലം ബീച്ചിൽ ഉച്ചവരെ ആളുകൾ കുറവായിരുന്നെങ്കിലും വൈകുന്നേരത്തോടെ ഉല്ലാസത്തിനായി നിരവധിയാളുകളാണ് എത്തിയത്. ബീച്ചുകളിൽ പ്രത്യേക കവാടങ്ങൾ വഴി സഞ്ചാരികളുടെ താപനില പരിശോധിച്ചശേഷമാണ് കടത്തിവിട്ടത്.
ഇരിപ്പിടങ്ങളും കൈവരികളും അണുവിമുക്തമാക്കിയശേഷമാണ് സന്ദർശകർക്ക് പ്രവേശനം നൽകിയത്.