തലശേരി: ഏഴു ദിനരാത്രങ്ങള്‍ ഊണും ഉറക്കവുമൊഴിച്ച് നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും ക്രൈം റിക്കാര്‍ഡുകളും പരിശോധിച്ച് കണ്ണൂര്‍, കോഴിക്കോട്, ബംഗളൂരു, മൈസൂരു നഗരങ്ങളില്‍ തലശേരി പോലീസ് നടത്തിയ ആസൂത്രിത നീക്കത്തില്‍ കുടുങ്ങിയത് കൊടുംക്രിമിനലുകള്‍. പട്ടാപ്പകല്‍ തലശേരി നഗരമധ്യത്തില്‍ സ്വര്‍ണവ്യാപാരി ശ്രീകാന്ത് കദമിനെ കൊള്ളയടിച്ച സംഘത്തെ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് തലശേരി പോലീസ്. അതും തൊണ്ടിമുതലുകള്‍ സഹിതം.
തലശേരി ഡിവൈഎസ്പി കെ.വി, വേണുഗോപാലിന്റെ നിര്‍ദേശത്തിനനുസരിച്ച് എസ്ഐമാരായ പി.എസ്.ഹരീഷ്, ബിനുമോഹന്, അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണമാണ് ഫലമണിഞ്ഞത്.
സംഭവദിവസം രാവിലെ പത്തിന് കൊള്ളയ്ക്കിരയായ ശ്രീകാന്ത് കദമിന്റെ വീടിനുമുന്നിലൂടെ നടന്നുപോയ യുവാവായിരുന്നു കേസിലെ ആദ്യ തുമ്പ്. ഇയാളുടെ ചിത്രം സിസിടിവിയില്‍നിന്ന് ശേഖരിച്ച പോലീസ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികളുടെ ചിത്രവുമായി സാമ്യപ്പെടുത്തിയപ്പോഴാണ് റമീസിനെ തിരിച്ചറിഞ്ഞത്. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് രഞ്ജിത്തിലേക്കും സുരലാലിലേക്കും എത്തിയത്.
സംഭവദിവസം രാവിലെ എട്ടരയോടെ മൂന്നംഗസംഘം ചിറക്കര വഴി തലശേരിയിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചു. ദൗത്യത്തിനുശേഷം മമ്പറത്ത് എത്തിയ സംഘത്തിന് കാറിലെത്തിയ രണ്ടുപേര്‍ സ്വര്‍ണക്കട്ടി സുരലാലിന്റെ വീട്ടില്‍ ഒളിപ്പിക്കാന്‍ നിര്‍ദേശം നല്കി.
കൂടാതെ 30,000 രൂപ നല്‍കിയശേഷം മൈസൂരുവിലേക്ക് പോയി ആഘോഷിച്ചു തിരിച്ചുവരാനും തിരിച്ചെത്തിയശേഷം പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ സ്വര്‍ണം പങ്കുവയ്ക്കാമെന്നും പറഞ്ഞു. ഇതനുസരിച്ച് എല്ലാവരും മൈസൂരുവിൽ എത്തുകയും അവിടെ ആഘോഷിച്ചു തിരിച്ചെത്തുകയുമായിരുന്നു.
പ്രതികള്‍ കോഴിക്കോട്ട് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് അര്‍ധരാത്രിയില്‍ കോഴിക്കോട്ടും ഇതേസമയം തന്നെ മൈസൂരുവിലും കൂത്തുപറമ്പിലും നടത്തിയ റെയ്ഡിലാണ് പ്രതികള്‍ വലയിലായത്. രഞ്ജിത്തും സുരലാലും പോലീസ് നിരീക്ഷണത്തിലാണെന്ന് വ്യക്തമായതോടെ മൊബൈല്‍ ഓഫ് ചെയ്ത റമീസ് കര്‍ണാടകയില്‍നിന്ന് മുങ്ങുകയായിരുന്നു. ഹവാലപ്പണം തട്ടിയെടുക്കാറുള്ള ഇവര്‍ പണം നഷ്ടപ്പെടുന്നവര്‍ പരാതി നല്കാത്തതിനാല് പിടിയിലാകാറില്ലായിരുന്നു.
ശ്രീകാന്തിന്റെ സ്വര്‍ണവും അനധികൃതമാണെന്ന ധാരണയിലായിരുന്നു കവര്‍ച്ചാസംഘം.
സംഭവദിവസം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയുള്ള സമയങ്ങളിൽ തലശേരി നഗരത്തിലെയും കൂത്തുപറമ്പ്, മമ്പറം, മുഴപ്പിലങ്ങാട്, മാഹി, മേഖലകളിലെയും നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചു പരിശോധിച്ചത്. ഇതിനുപുറമെ ആയിരക്കണക്കിന് ഫോൺകോളുകളും നിരവധി ലൊക്കേഷൻ മാപ്പുകളും ഉപയോഗപ്പെടുത്തി. സൈബർ സെല്ലും ക്രൈം റിക്കാർഡ്സ് ബ്യൂറോയും ജില്ലാ പോലീസ് മേധാവിയുടെയും ഡിവൈഎസ്പിയുടെയും സ്ക്വാഡ് അംഗങ്ങളും അന്വേഷണത്തിൽ സജീവ പങ്കാളികളായി.
നഗരമധ്യത്തിൽ ജ്വല്ലറി ഉടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലും അതുപോലെ മറ്റൊരു ജ്വല്ലറി ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി 50 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിലും ഇതുവരെ പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ, ചുമതലയേറ്റയുടൻ നടന്ന സംഭവത്തിലെ പ്രതികളെ പിടികൂടാനായത് ഡിവൈഎസ്പി കെ.വി.വേണുഗോപാലിനും അന്വേഷണസംഘത്തിനും നേട്ടമായി.