മട്ടന്നൂർ: അയ്യല്ലൂർ സേലം രക്തസാക്ഷി മന്ദിരം വായനശാലയ്ക്കു സമീപം രണ്ടു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. ഇന്നലെ രാത്രി പത്തൊടെ വായനശാലയ്ക്കു സമീപത്തെ ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ വച്ചായിരുന്നു സംഭവം.
സിപിഎം അയ്യല്ലൂർ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവും ചാവശേരി വളോരയിലെ ഗവ. ഹോമിയോ ക്ലിനിക്കിലെ ഡോക്ടറും മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ.ടി. ചന്ദ്രന്റെ മകനുമായ കെ.ടി. സുധീർ കുമാർ (50), പാർട്ടി അനുഭാവി കെ.ശ്രീജിത്ത് (42) എന്നിവർക്കാണു വെട്ടേറ്റത്. ഇവരെ കോഴിക്കോട് ബേബി മെമ്മോറിയൽ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം നേതൃത്വം ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ചു സിപിഎമ്മിന്റെ നേതൃത്വത്തിൽ മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലും തില്ലങ്കേരി, കൂടാളി, മാലൂർ, കീഴല്ലൂർ പഞ്ചായത്തുകളിലും ഹർത്താൽ ആചരിച്ചു വരികയാണ്. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താൽ.
ഷെൽട്ടറിൽ നിന്നു വീട്ടിലേക്ക് പോകാൻ ഇറങ്ങുന്നതിനിടെ ആൾട്ടോ കാറിലും ബൈക്കുകളിലുമായെത്തിയ പത്തോളം വരുന്ന സംഘം വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണു പരാതി. ദേഹമാസകലം വെട്ടേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നൽകിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട്ടേക്കു കൊണ്ടുപോകുകയായിരുന്നു. ഇരുവരുടെയും ദേഹത്തു 20ഓളം വെട്ടുകൾ ഉണ്ടെന്നു നേതാക്കൾ അറിയിച്ചു. ഇരുവരെയും ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയമാക്കും.
കഴിഞ്ഞ ദിവസം ശിവപുരം-മാലൂർ റോഡിൽ വച്ചു കാറിൽ സഞ്ചരിക്കുകയായിരുന്നു അഞ്ചു ബിജെപി നേതാക്കളെ തടഞ്ഞുവച്ചു വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെയുണ്ടായ അക്രമമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. സിപിഎം അക്രമത്തിനെതിരെ ഇന്നു വൈകുന്നേരം മട്ടന്നൂരിൽ ബിജെപി പൊതുയോഗം നടത്താനിരിക്കെയാണ് അക്രമമുണ്ടായത്. അക്രമം നടന്ന പ്രദേശം ജില്ലാ പോലീസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, മട്ടന്നൂർ സിഐ എ.വി.ജോൺ എന്നിവർ സന്ദർശിച്ചു. സംഘർഷം പടരാതിരിക്കാൻ പ്രദേശത്തു കനത്ത പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.
ു