കണ്ണൂർ: സിപിഎം നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറുണ്ടായതിനു പിന്നാലെ അടിക്ക് തിരിച്ചടിയെന്നോണം ബിജെപി-ആർഎസ്എസ് നേതാക്കളുടെ വീടിന് നേരെയും ആക്രമണം.
വി.മുരളീധരൻ എംപിയുടെ തലശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയിൽ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.
ബോംബേറിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നേരത്തെ, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കൊളക്കാട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ചന്ദ്രശേഖരന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.
എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ്
കണ്ണൂര്‍: എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരേ ബോംബേറ്. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല. പത്തേകാലോടെയാണ് സംഭവം.
ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍ വ്യാപക സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. സിപിഎം-ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് സൂചന.
മാഹി പോലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പി.ശശിയുടെ വീടിന് നേരെയും ബോംബേറ്
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി. ബൈക്കിൽ എത്തിയ ആളുകൾ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി.ശശി വീട്ടിൽ ഉണ്ടായിയുന്നില്ല.
എ.എൻ.ഷംസീർ എംഎൽഎയുടെ വീടിന് നേരെ കല്ലേറ് ഉണ്ടാവുകയും സിപിഎം പ്രവർത്തകന് വെട്ടേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ശശിയുടെ വീടിന് നേരെ ബോംബേറുണ്ടായിരിക്കുന്നത്.
സംഭവ സമയത്ത് ശശി വീട്ടിലുണ്ടായിരുന്നില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.