ഭര്‍തൃമതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മത്തിപറമ്പ് പള്ളിക്കുനി സേട്ടുമുക്കില്‍ ചാക്കേരി താഴെകുനിയില്‍ ഗോപിയുടെ ഭാര്യ സി.ടി.കെ. റീജ (39) മരിച്ച സംഭവത്തില്‍ അയല്‍വാസിയായ വലിയകാട്ടില്‍ അന്‍സാര്‍ (25) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് റീജയുടെ മൃതദേഹം മത്തിപറമ്പ് പുതിയ റോഡ് പരിസരത്തെ കേളോത്ത് താഴെവയലിലെ തോട്ടില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ റീജ വീട്ടില്‍നിന്നു സമീപത്തെ വയലിലൂടെ മത്സ്യം വാങ്ങാന്‍ പോകുന്നതിനിടെ വയലില്‍വച്ച് പ്രതി യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാനൂര്‍ സിഐ എം.കെ. സജീവ്, ചൊക്ലി എസ്ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഒറ്റയ്ക്കു പോവുകയായിരുന്ന റീജയെ പിടികൂടി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ബഹളംവച്ചപ്പോള്‍ വായും മൂക്കും ബലമായി അമര്‍ത്തിപ്പിടിച്ചു ശ്വാസംമുട്ടിക്കുകയായിരുന്നു. മല്‍പ്പിടിത്തം നടന്നതിന്റെ അടയാളങ്ങള്‍ യുവതിയുടെയും യുവാവിന്റെയും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റീജയുടെ വായും മൂക്കും അടച്ചു പിടിച്ച് അവര്‍ക്ക് ശബ്ദിക്കാനാവാത്ത അവസ്ഥയുണ്ടായി. അതോടെ അവര്‍ ശ്വാസം മുട്ടി മരിച്ചു. ഇതിനിടെ റീജ തോട്ടിലേക്ക് വീഴുകയും ചെയ്തു. അതിനിടെ അന്‍സാര്‍ യുവതിയെ മാനഭംഗപ്പെടുത്തി. മരണം ഉറപ്പാക്കിയ പ്രതി മൃതദേഹത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ അഴിച്ചു മാറ്റി സ്ഥലം വിടുകയായിരുന്നു. കൊലക്കു പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് വരുത്തി തീര്‍ക്കാനുള്ള തന്ത്രമാണിതെന്ന് പോലീസ് പറയുന്നു.
യുവതി മരിച്ചെന്നു മനസിലാക്കിയ പ്രതി കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണമാലയുടെ ഒരു ഭാഗവും മത്സ്യം വാങ്ങുന്നതിനായി കരുതിവച്ചിരുന്ന 100 രൂപയും കൈക്കലാക്കി പെട്ടെന്ന് മുങ്ങുകയായിരുന്നു. സ്വര്‍ണം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ പിന്നീട് പോലീസ് പെരിങ്ങത്തൂരില്‍നിന്നു കണ്ടെത്തി. സ്വര്‍ണമാലയുടെ ബാക്കി ഭാഗം യുവതിയുടെ മൃതദേഹത്തില്‍നിന്നു പോലീസ് കണ്ടെടുത്തിരുന്നു. പോലീസ് അന്വേഷണത്തിനിടെ വീട്ടുകാരും നാട്ടുകാരും നല്കിയ സൂചനയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതകം നടന്നതിന്റെ നാലുദിവസം മുമ്പ് പ്രതി യുവതിയുടെ പിന്നാലെ എത്തിയെങ്കിലും യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. യുവതിയുടെ വീട് ലക്ഷ്യമാക്കി പ്രതി കഴിഞ്ഞ കുറെ ദിവസങ്ങളായി ചുറ്റിക്കറങ്ങിയിരുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഗള്‍ഫിലും ബംഗളൂരുവിലും ജോലിചെയ്തിരുന്ന പ്രതി ഏതാനും മാസം പെരിങ്ങത്തൂരില്‍ ഓട്ടോഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും നിലവില്‍ ജോലിയൊന്നുമില്ലായിരുന്നു.