പി. ജയകൃഷ്ണൻ
കണ്ണൂർ: ചപ്പാത്തിയുടെയും ചിപ്സിന്റേയും വിജയത്തിനു പിന്നാലെ സെൻട്രൽ ജയിലിലെ അന്തേവാസികൾക്കായി തയ്യൽ കടയും ഒരുക്കുന്നു. പൊതുജനങ്ങൾക്ക് വിഷു മുതൽ ഇവിടെ നിന്നും വസ്ത്രങ്ങൾ തയ്യിച്ചു കൊടുക്കുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ധർമശാലയിൽ പ്രവർത്തിക്കുന്ന നിഫ്റ്റിന്റെ സഹകരണത്തോടെ തടവുകാർക്കു പരിശീലനം നല്കുന്നത്. നിലവിൽ 20 തടവുകാർക്കാണ് പരിശീലനം കൊടുക്കുന്നത്. ഇതിൽ ഒന്പതു പേർ നിലവിൽ തയ്യൽ ജോലി അറിയുന്നവരാണ്. അവശേഷിക്കുന്ന 11 പേർക്കാണ് ഇപ്പോൾ പരിശീലനം നല്കുന്നത്. 20 ആധുനിക തയ്യൽ മെഷീനുകൾ ഇപ്പോൾ ജയിലിലുണ്ട്.
നിലവിലുള്ളതിലും കുറഞ്ഞ കൂലിക്ക് പൊതുജനങ്ങൾക്ക് ഇവിടെനിന്നും വസ്ത്രങ്ങൾ തയ്യിക്കാം. പാന്റ്, ഷർട്ട്, ചൂരിദാർ, കുർത്ത, സ്കൂൾ യൂണിഫോം എന്നിവയാണ് ജയിലിൽനിന്നും തയ്യിക്കുക. തുണികൾ തയ്യിക്കുന്നത് ജയിലനകത്തു നിന്നാണെങ്കിലും പൊതുജനങ്ങൾക്ക് തുണികളും മറ്റും എത്തിച്ചു നല്കാൻ ജയിലിനു പുറത്ത് പ്രത്യേക കൗണ്ടർ ഒരുക്കുമെന്ന് സൂപ്രണ്ട് അശോക് കുമാർ പറഞ്ഞു.
ഇതിനു പിന്നാലെ മനോഹരമായ വസ്ത്രങ്ങളും ജയിലിൽനിന്നു പുറത്തിറക്കാൻ പദ്ധതിയുണ്ട്. ഇതിനായും നിഫ്റ്റ് അധികൃതർ ജയിലിലെ തടവുകാർക്കു പരിശീലനം നല്കും. പദ്ധതി രൂപരേഖ സെൻട്രൽ ജയിൽ സൂപ്രണ്ട് നിഫ്റ്റ് അധികൃതർക്കു നേരത്തെ കൈമാറിയിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ സെൻട്രൽ ജയിലിലെ 30 തടവുകാർക്കാണ് പരിശീലനം നൽകുക.
നിഫ്റ്റ് അധികൃതരുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി രൂപരേഖ ജയിൽ മേധാവിക്കു കൈമാറും. പരിശീലനത്തിനായി ചൂരിദാർ, മാക്സി, സാരി എന്നിവയ്ക്കുള്ള ഡിസൈൻ രൂപകല്പന, ടൗവ്വലിലെ കൈത്തുന്നൽ ഡിസൈൻ, തുണികൾക്കു നിറം നൽകൽ തുടങ്ങി അഞ്ചു വിഭാഗങ്ങളിലാണ് പരിശീലനം നൽകുക.
പരിശീലനത്തിനുമാത്രം ഒന്നേകാൽ ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വസ്ത്ര നിർമാണത്തിനാവശ്യമായ നൂലും തുണികളും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ടെക്സ്റ്റൈൽ കോർപറേഷനിൽ (എൻടിസി) നിന്നും മുംബൈയിലെ വൻകിട കന്പനികളിൽനിന്നും വാങ്ങിക്കാനാണ് തീരുമാനം.
പുതുമോടിയോടെ ചൂരിദാർ, മാക്സി, സാരി തുടങ്ങിയ വസ്ത്രങ്ങൾ കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം. മാനസാന്തരപ്പെടുന്ന അന്തേവാസികൾക്കു ജീവിതമാർഗം നൽകുന്ന വിവിധ പദ്ധതികൾക്കൊപ്പം വസ്ത്ര നിർമാണവും കണ്ണൂർ സെൻട്രൽ ജയിലിനെ വ്യത്യസ്തമാക്കും. ഫർണിച്ചർ നിർമാണം, കൈത്തറി യൂണിറ്റ്, കോഴി വളർത്തൽ, ചപ്പാത്തി, ബിരിയാണി, ലഡു, ഇഡ്ഡലി നിർമാണം എന്നിവയാണ് പ്രധാനമായും ജയിലുകളിൽ ഇപ്പോൾ നടന്നുവരുന്നത്.