റെനീഷ് മാത്യു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്ത സംഭവം അട്ടിമറിയെന്ന് സൂചന. സംഭവത്തെക്കുറിച്ച് ഉന്നതല അന്വേഷണം തുടങ്ങി.ഒരു ലാൻഡ് ഫോൺ നന്പറിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ മാത്രമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതാണ് അട്ടിമറിയെന്ന് സംശയിക്കാൻ കാരണം. പുറമേ നിന്നുള്ളവർക്ക് ഇതിൽ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്.
ഹാക്ക് ചെയ്യപ്പെട്ട കംപ്യൂട്ടറുകൾ നാല് ദിവസം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കണ്ണൂരിലെ ചില സാങ്കേതിക വിദഗ്ദ്ധർ ജയിലിലെത്തി കംപ്യൂട്ടറുകൾ ശരിയാക്കാൻ ശ്രമം ആരംഭിച്ചെങ്കിലും വിജയിച്ചില്ല. തിരുവനന്തപുരത്ത് നിന്നുള്ള ഹൈടെക് വിദഗ്ധ സംഘം ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുന്നുണ്ട്. കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതും ശിക്ഷയിൽ കഴിയുന്നതുമായ തടവുകാരുടെ വിവരങ്ങളെല്ലാം നഷ്ടപ്പെട്ടതായാണ് വിവരം.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ജയിലിലെ ഇരുപതോളം കംപ്യൂട്ടറുകൾ ഹാക്ക് ചെയ്തത്. വാറണ്ട് സെക്ഷനിലുള്ള കംപ്യൂട്ടറാണ് ആദ്യം ഹാക്ക് ചെയ്തത്. തുടർന്ന് മറ്റു കംപ്യൂട്ടറുകളും ഹാക്ക് ചെയ്യുകയായിരുന്നു. 1500 യുഎസ് ഡോളർ നൽകിയാൽ രേഖകൾ തിരിച്ചുനല്കാമെന്നാണ് ഹാക്കർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ധപ്പെടാൻ ഹാക്കർമാരുടെ മെയിൽ അഡ്രസും നൽകിയിട്ടുണ്ട്.
തടവുകാരെക്കുറിച്ചുള്ള കോടതി രേഖകളും നഷ്ടപ്പെട്ടവയിൽ വരും. കൂടാതെ ജയിൽ ജീവനക്കാരുടെ ശന്പള ബിൽ തയാറാക്കിവച്ചിരിക്കുകയായിരുന്നു. അതിന്റെ വിവരങ്ങളും നഷ്ടപ്പെട്ടതോടെ ജീവനക്കാരുടെ ശന്പളം വൈകാൻ സാധ്യതയുണ്ട്. എന്നാൽ മൂന്ന് കംപ്യൂട്ടറുകളിൽ ഫംഗസ് ബാധ ഉണ്ടായതാണെന്നാണ് ഉന്നത ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്ത സംഭവം അതീവരഹസ്യമായിട്ടാണ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നത്.