കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും സ്കൂട്ടറിലെത്തിയ രണ്ട് പേർ എറഞ്ഞ് നൽകിയ സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു.
ജയിലിലെ തടവുകാരനായ ജിംനാസിനാണ് രണ്ട് പൊതികളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് സിഗരറ്റും വെള്ളയും നീലയും കളറുള്ള സ്കൂട്ടറിൽ എത്തിയയാൾ എറിഞ്ഞ് നൽകിയത്.
ശനിയാഴ്ച രാവിലെ 10.30 തോടെയാണ് സംഭവം. ജിംനാസിന്റെ കൂടെ ചികിത്സയ്ക്കായി ആംബുലൻസിൽ നാലുപേർ കൂടെയുണ്ടായിരുന്നു. ജിംനാസിന്റെ ചികിത്സ കഴിഞ്ഞ് മറ്റ് തടവുകാർക്കായി കാത്ത് നിക്കുമ്പോഴാണ് സ്കൂട്ടറിൽ രണ്ട് പേരെത്തി പൊതി ആംബുലൻസിലേക്ക് എറിഞ്ഞ് നൽകിയതെന്ന് പരാതിയിൽ പറയുന്നു.
എസ്കോട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും കോട്ടയുടെ ഭാഗത്തേക്ക് ഇവർ വാഹനം ഓടിച്ച് രക്ഷപെടുകയായിരുന്നു.
12 ചെറിയ ബോട്ടിലുകളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്. കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.