കണ്ണൂർ: സെൻട്രൽ ജയിലിന്റെ മതിൽ കെട്ടിനകത്തേക്ക് വീണ്ടും കഞ്ചാവേറ്. 300 ഗ്രാം കഞ്ചാവും 12 പായ്ക്കറ്റ് ബീഡിയുമാണ് അജ്ഞാതർ എറിഞ്ഞുപോയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സെൻട്രൽ ജയിലിന്റെ തെക്കുഭാഗത്തുള്ള മതിൽകെട്ടിനകത്തേക്കാണു റോഡിൽ നിന്ന് കഞ്ചാവും ബീഡികളും വലിച്ചെറിഞ്ഞത്. കടലാസിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിൽ ചുരുട്ടി മഴ നനയാതെ ഭദ്രമായാണ് അകത്തേക്ക് എറിഞ്ഞുകൊടുത്തത്.
ബീഡിയും ഇതേ രൂപത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് ജയിലിന്റെ മതിലിനടുത്തേക്ക് എറിഞ്ഞത്. എന്നാൽ റോഡിൽ നിന്ന് ജയിലിലേക്ക് ഇവ എറിഞ്ഞുകൊടുത്ത ആളെയോ അകത്ത് ആർക്കുവേണ്ടിയാണോ കഞ്ചാവ് എത്തിച്ചതെന്നും തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ ജയിൽ വാർഡർമാർ പതിവു പരിശോധന നടത്തുന്പോഴാണ് കഞ്ചാവും ബീഡിയും മതിലിനടുത്ത് കെട്ടുകളായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ സൂപ്രണ്ടിനെ വിവരമറിയിച്ച് അവ കൈമാറുകയായിരുന്നു. തുടർന്ന് സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി.
ടൗൺ എസ്ഐ ബിജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജയിലിലെത്തി പരിശോധന നടത്തി. ജയിലിനു ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ജയിലിനകത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ ജയിൽ അധികൃതർ പിടിച്ചെടുത്തിരുന്നു.