കണ്ണൂർ: ചിട്ടി നടത്തി കാലാവധി പൂർത്തിയായിട്ടും പണം തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരേ പോലീസ് കേസെടുത്തു. ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കല്ലിക്കോടൻ രാഗേഷിനെതിരേയാണ് കേസ്.
കണ്ണൂർ ടൗണിലെ ജെഎസ് പോളിലുള്ള നിത്യാനന്ദ പൂജാ സ്റ്റോർ ഉടമ ലക്ഷമണന്റെ പരാതിപ്രകാരമാണ് ടൗൺ പോലീസ് കേസെടുത്തിരിക്കുന്നത്. ചിട്ടിയുടെ പേരിൽ നഗരത്തിലെ വിവിധ വ്യാപാര കേന്ദ്രങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ ഇയാൾ പിരിച്ചെടുത്തതായും പരാതിയിൽ പറയുന്നു. വിശ്വാസവഞ്ചന, ചതി എന്നിവയ്ക്കാണ് കേസെടുത്തത്.
പ്രതിദിനം ഒരു നിശ്ചിത തുക നിക്ഷേപിച്ചാൽ രണ്ടു വർഷം കഴിഞ്ഞാൽ 2,75,000 രൂപ തരുമെന്നായിരുന്നായിരുന്നു വാഗ്ദാനമെന്നും എന്നാൽ കാലവധി കഴിഞ്ഞിട്ടും പണം തിരികെലഭിച്ചില്ലെന്നും ചോദിച്ചപ്പോൾ ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.
നിലവിൽ സമാനരീതിയിലുള്ള ആറു പരാതികൾ കല്ലിക്കോടൻ രാഗേഷിനെതിരേ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിൽ ഒരു പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. രാഗേഷിന്റെ സഹായി സുനിലിനെതിരേയും കേസെടുത്തിട്ടുണ്ട്.