കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും. കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായതിനെക്കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർ ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറും. തുടർന്ന് കമ്മീഷൻ ഗസറ്റിൽ പ്രസിദ്ധീകരിക്കും. പുതിയ മേയർക്കുവേണ്ടിയുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കും. വരണാധികാരിയെ ചുമതലപ്പെടുത്തിയതിനാൽ ഏഴുദിവസത്തെ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് നടത്തും. എല്ലാ നടപടികളും മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം.
നിലവിൽ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് ആണ് ആക്ടിംഗ് മേയറായി തുടരുന്നത്.കോൺഗ്രസിലെ സുമാ ബാലകൃഷ്ണനാണ് മേയർ സ്ഥാനാർഥി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ഔദ്യോഗികമായി സ്ഥാനാർഥിയെ തീരുമാനിക്കും. പിന്നീട് യുഡിഎഫ് യോഗം ഇത് അംഗീകരിക്കും.രണ്ടാം ടേമിൽ ലീഗിനാണ് മേയർസ്ഥാനം. ഡപ്യൂട്ടി മേയർ സ്ഥാനം രാഗേഷിനുതന്നെയായിരിക്കും. അഞ്ചു വനിതകളാണ് സിപിഎം കൗൺസിലർമാരായുള്ളത്. മേയർ തെരഞ്ഞെടുപ്പിൽ ഇ.പി. ലതയെ ഇനി മത്സരിപ്പിക്കില്ല.
അവിശ്വാസപ്രമേയം പാസാക്കാൻ 28 അംഗങ്ങൾ വേണ്ടിവന്നെങ്കിലും മേയർ സ്ഥാനാർഥി വിജയിക്കാൻ പങ്കെടുത്തതിലെ ആകെ അംഗങ്ങളുടെ ഭൂരിപക്ഷം മാത്രം മതിയാകും. എടക്കാട് ഡിവിഷൻ പ്രതിനിധിയുടെ മരണത്തോടെ എൽഡിഎഫിന് ഇപ്പോൾ 26 അംഗങ്ങളെ ഉള്ളൂ. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിന്റെ വോട്ടില്ലാതെ തന്നെ കൗൺസിലിൽ യുഡിഎഫിന് 27 അംഗങ്ങളുണ്ട്. ഡപ്യൂട്ടി മേയർക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും സിപിഎം നേതാക്കൾ നേരത്തെ തീരുമാനിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ ഉണ്ടാകാൻ സാധ്യതയില്ല.
കോർപറേഷനുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ യോഗം ഇന്നു ചേരുന്നുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വയ്പിനെ ചൊല്ലി കോൺഗ്രസും ലീഗും തമ്മിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. മേയർ സ്ഥാനം കോൺഗ്രസിന് കൊടുക്കുന്നതിനാൽ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ പ്രധാന സ്ഥാനങ്ങൾ ലീഗിനു വേണമെന്നാണ് ആവശ്യം. എന്നാൽ കോൺഗ്രസ് കൗൺസിലർമാർ ലീഗിന്റെ ഈ ആവശ്യത്തോട് പൂർണമായും യോജിപ്പ് പ്രകടിപ്പിച്ചില്ല.
മൂന്നേമുക്കാൽ വർഷം കോർപറേഷൻ ഭരിച്ച മേയർ ഉൾപ്പെടെയുള്ളവർ ജനോപകരപ്രദമായ ഒന്നുംതന്നെ ചെയ്തില്ലെന്ന് മേയർസ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്ന കൗൺസിലർ സുമാ ബാലകൃഷ്ണൻ. കോർപറേഷൻ മഴക്കാലപൂർവ ശുചീകരണം പോലും നടത്തിയിട്ടില്ല. ജനങ്ങൾക്ക് അടിയന്തരമായി ചെയ്തുനൽകേണ്ട നിരവധി കാര്യങ്ങളുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇക്കാര്യങ്ങൾക്കാകും പ്രഥമ പരിഗണനയെന്നും സുമാ ബാലകൃഷ്ണൻ പറഞ്ഞു.