കണ്ണൂർ: പൊതുജനങ്ങൾക്ക് ജില്ലാ കളക്ടറെ കണ്ടു പരാതി സമർപ്പിക്കാൻ കടന്പകൾ ഏറെയെന്ന് പരാതി.കളക്ടറെ സന്ദർശിച്ചു പരാതി പറയുന്നതിനും പ്രശ്ന പരിഹാരത്തിനു വേണ്ടിയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മണിക്കുറുകൾ യാത്രചെയ്ത് കളക്ട്റേറ്റിൽ എത്തുന്നവർക്ക് നിരാശയാണ് ഫലം.കളക്ടർ പൊതുജനങ്ങൾക്ക് അനുവദിച്ച സന്ദർശന സമയം വെറും മുപ്പത് മിനിറ്റുകൾ മാത്രമാണ്.2.30 മുതൽ മൂന്ന് വരെയാണ് സന്ദർശകർക്ക് പരാതി ബോധിപ്പിക്കാനുള്ള അവസരം.
വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ സന്ദർശകരെ അനുവദിക്കുകയുമില്ല.അനുവദിച്ച സമയങ്ങളിൽ കളക്ടർ മിക്ക ദിവസങ്ങളിലും മീറ്റിങ്ങിലും മറ്റു പൊതുപരിപാടികളിലുമാണ്.മലയോര മേഖലകളിൽ നിന്നും ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നും വന്നെത്തുന്നവർക്കാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. ഇവർ പലപ്പോഴും സന്ദർശന സമയം അറിയാതെ രാവിലെ മുതൽ കളക്ടറുടെ ഓഫീസ് കവാടത്തിനു മുന്നിൽ മണിക്കൂറുകൾ കാത്തുനിൽക്കുന്നത് നിത്യകാഴ്ചയാണ്.
മീറ്റിങ്ങും മറ്റു ഔദ്യോഗിക പരിപാടിയും കാരണം കളക്ടർ സന്ദർശകരെ കാണുന്നില്ലെന്ന അറിയിപ്പാകും പലപ്പോഴും ലഭിക്കുക.കളക്ട്റേറ്റിലെ പ്രധാന ഗെയിറ്റിനു സമീപം ഗോവണിക്ക് താഴെയാണ് സന്ദർശന സമയം പതിച്ച ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇത് പെട്ടെന്ന് പൊതുജനങ്ങളുടെ ശ്രദ്ധിയിൽപ്പെടുകയില്ല. അതുകൊണ്ട്തന്നെ കളക്ടറെ കാണാൻ എത്തുന്നവർക്ക് സന്ദർശന സമയം അറിയുകയുമില്ല.
ദിനംപ്രതി 15 മുതൽ 25 വരെ സന്ദർശകർ എത്തുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരിൽ പലർക്കും കളക്ടറെ കണാൻ സാധിക്കാറില്ലെന്നാണ് ജീവനക്കാർ പറയുന്നത്. പരാതി സമർപ്പിക്കാനും പ്രശ്ന പരിഹാരത്തിനുമായി കളക്ടറെ കണ്ടതിനു ശേഷം തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചാലും വേണ്ടത്ര പരിഗണന നൽകാതെ പൊതുജനങ്ങളെ വീണ്ടും വരുത്തുന്ന നിലപാടാണ് ചില ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതായും പരാതിയുണ്ട്.
കളക്ടറോട് ഇക്കാര്യം അറിയിക്കണമെങ്കിൽ വീണ്ടും അപേക്ഷാ ഫോറം പൂരിപ്പിച്ചു നൽകി ടോക്കൺ വാങ്ങണം. ഇങ്ങനെ പരാതിക്കാർ വട്ടം കറങ്ങുകയാണ്.