കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ മൊഴി പ്രത്യേക അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. എസിപി ടി.കെ. രത്നകുമാർ, കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ കളക്ടറുടെ ക്യാന്പ് ഓഫീസിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ഒരു തെറ്റു പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞതായി ജില്ലാ കളക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം തന്നെയാണ് കളക്ടർ വീണ്ടും മൊഴിയിൽ ആവർത്തിച്ചതെന്നാണ് സൂചന.
വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയ്ക്കും ഇതേ മൊഴി നല്കിയെന്ന് കളക്ടർ പറഞ്ഞിരുന്നു. എന്നാൽ, നവീൻ ബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കളക്ടർ നല്കിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് കളക്ടറെ സംശയമുനയിൽ നിർത്താൻ കാരണം.
ഇതിനിടെ, ജില്ലാ കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസും പ്രതിപക്ഷസർവീസ് സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. ആരോപണവിധേയനായ ജില്ലാ കളക്ടറെ മാറ്റാതെയുള്ള അന്വേഷണം പ്രഹസനമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
നവീൻ ബാബുവും കളക്ടറും തമ്മിൽ നല്ല ബന്ധത്തിലല്ലായിരുന്നുവെന്നാണ് ജീവനക്കാരും നവീൻ ബാബുവിന്റെ ഭാര്യയും മൊഴി നല്കിയിരിക്കുന്നത്.