കണ്ണൂർ: കളക്ടറേറ്റിലെ രണ്ടാം ഗേറ്റിനു സമീപമുള്ള ഉപയോഗശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ തീരുമാനം. കഴിഞ്ഞ ദിവസം രാഷ്ട്രദീപിക ഇതു സംബന്ധിച്ച വാർത്ത നൽകിയിരുന്നു. വിവിധ വകുപ്പുകളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള വാഹനങ്ങളാണ് ലേലം ചെയ്യുക. തെരഞ്ഞെടുപ്പിന്റെ പ്രത്യേക ജോലികൾക്കായി ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിലുള്ളതിനാൽ ഇവർ തിരിച്ചെത്തുന്നതോടെ ലേലം ചെയ്യാനുള്ള നടപടിയെടുക്കും.
സർക്കാരിന്റെ പഴയ വാഹനങ്ങൾ പൊളിച്ചുമാറ്റുന്നതിനോ വിൽപ്പന നടത്തുന്നതിനോ നിരവധി കടന്പകൾ നിലനിൽക്കുന്നത് കാരണമാണ് ലേല നടപടികൾ വൈകുന്നതെന്ന് എഡിഎം മുഹമ്മദ് യൂസഫ് പറഞ്ഞു. ധനകാര്യവകുപ്പിന്റെ കീഴിലുള്ള ദേശീയ സന്പാദ്യപദ്ധതിയുടെ കാർ വർഷങ്ങളായി കളക്ടറേറ്റിനുള്ളിൽ തുരുന്പെടുത്ത് കിടക്കുകയാണ്. പിഡബ്ല്യുഡിയുടെ മെക്കാനിക്കൽ വിഭാഗത്തിന്റെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്.
വാഹനം ലേലം ചെയ്യുന്നതിന് ദേശീയ സന്പാദ്യ വകുപ്പിന്റെ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. രണ്ടു തവണ ലേലം നിശ്ചയിച്ചിരുന്നുവെങ്കിലും വാങ്ങാൻ ആളില്ലാത്തതിനാൽ നീണ്ടുപോവുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.ഒടുവിൽ ഈ വാഹനം സ്ക്രാപ്പിന് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ദാരിദ്ര്യനിർമാർജന വകുപ്പിന്റെ കീഴിലുള്ള ജീപ്പും ലേലം ചെയ്യാൻ തീരുമാനിച്ചു.
ഇതിനായി തിരുവനന്തപുരം ഗ്രാമ വികസന കമ്മീഷന് കത്ത് നൽകി. അടുത്ത ദിവസം ഇതു സംബന്ധിച്ചുള്ള ഓർഡർ എത്തുന്നതോടെ ലേല നടപടികൾ ആരംഭിക്കും.പത്തു വർഷങ്ങൾക്കു മുമ്പാണ് തലശേരി ബ്ലോക്ക് പഞ്ചായത്തിൽനിന്നും ദാരിദ്ര്യനിർമാർജന വകുപ്പിന്റെ ആവശ്യങ്ങൾക്കായി ജീപ്പ് കണ്ണൂരിൽ എത്തിച്ചത്. പത്തുവർഷത്തിലധികം കാലാവധിയുള്ളതും ഒരു ലക്ഷത്തിഅറുപതിനായിരം കിലോമീറ്റർ ഓടിയതുമായ സർക്കാർ വാഹനങ്ങൾ മാത്രമേ ലേലം ചെയ്യാൻ പാടുള്ളൂവെന്നാണ് ചട്ടം.