പയ്യന്നൂര്‍: നിരവധി തവണ അക്രമങ്ങള്‍ക്കിരയായ എടാട്ട് ചെറാട്ടെ കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി മന്ദിരം തകര്‍ത്ത് തീയിട്ടു. അഞ്ചര വര്‍ഷത്തിനിടയില്‍ ഏഴാം തവണയാണ് ഈ ഓഫീസ് അക്രമത്തിനിരയാകുന്നത്.ഇന്നു പുലര്‍ച്ചെയാണ് യൂണിവേഴ്സിറ്റി സെന്ററിന് സമീപത്തെ കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി മന്ദിരം തീവച്ച് നശിപ്പിച്ചത്. ചുറ്റുമുള്ള ജനലുകള്‍ അടിച്ച് തകര്‍ത്ത് മുറികള്ക്കുള്ളിലേക്കും മുന്‍ വാതിലിനും പെട്രോളൊഴിച്ചാണ് ഓഫീസ് കെട്ടിടം തീവച്ച് നശിപ്പിച്ചത്.
ഇന്ന് രാവിലേയും തീയണയാതെ പുകയുയരുന്ന നിലയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ ഒന്നിന് ശേഷമാണ് തീവയ്പ് നടന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനും അയല്‍വാസിയുമായ രാമകൃഷ്ണന് പറയുന്നു.ഇന്നലെ എടാട്ട് യുപി സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് തീവയ്പിന് കാരണമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.
2013 ഒക്ടോബര്‍ 30നാണ് പ്രിയദര്‍ശിനി മന്ദിരം ഉദ്ഘാടനം ചെയ്തത്. ഇതിനു ശേഷം പലവട്ടം ഈ ഓഫീസ് അടിച്ച് തകര്‍ക്കുകയും തീവയ്ക്കുകയുമുണ്ടായി. ഇത്തരത്തില്‍ നിരന്തരം അക്രമങ്ങള്‍ക്കിരയായ ഈ ഓഫീസ് കെട്ടിടത്തിന് നേരെയുണ്ടായ ഏഴാമത്തെ അക്രമമാണിത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വിജയന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി.സംഭവത്തെ കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം അഡ്വ.ടോണി ജോസഫ് അപലപിച്ചു.