സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിൽ ജില്ലാ ഭരണകൂടവും കോർപറേഷനും തമ്മിൽ ശീതസമരം. ഇതോടെ കണ്ണൂർ കോർപറേഷന് കീഴിലുള്ള ക്വാറന്റൈൻ സംവിധാനം താളം തെറ്റുന്നു.
ജില്ലാഭരണകൂടം തീരുമാനിക്കുന്ന പല കാര്യങ്ങളും കോർപറേഷനെ അറിയിക്കുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം നടന്ന കൊറോണ അവലോകനയോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവായ കൗൺസിലറെ യോഗത്തിൽ നിന്ന് ഇറക്കി വിട്ടതോടെയാണ് ശീതസമരം ശക്തമായിരിക്കുന്നത്.
നിലവിൽ മേയർക്ക് മാത്രമാണ് അവലോകന യോഗത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ അബുദാബിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ വന്നിറിങ്ങിയ യാത്രക്കാരെ കണ്ണൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ മണികൂറുകൾ കാത്തു നിൽക്കേണ്ടി വന്നു.
ക്വാറന്റൈനിൽ പോകേണ്ട ആളുകളുടെ കൃത്യമായ എണ്ണം കോർപ്പറേഷനെ അറിയിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. ജില്ലാ ഭരണകൂടം കോർപറേഷനുമായി കൂടിയാലോചന നടത്തുന്നില്ലെന്നും പറയുന്നു. ഇന്നലെ കണ്ണൂർ നഗരത്തിലെ ഒരു ഹോട്ടൽ ക്വാറന്റൈനാക്കിയത് ഹോട്ടൽ ഉടമയോ കോർപറേഷനോ അറിഞ്ഞില്ല.
രാത്രി എട്ടോടെ ആളുകൾ താമസത്തിനായി ഹോട്ടലിൽ എത്തിയപ്പോഴാണ് ഹോട്ടൽ ജീവനക്കാർ പോലും അറിയുന്നത്. മുറികൾ ശുചിയാക്കാനോ അണുവിമുക്തമാക്കാനോ സാധിച്ചില്ല.
ക്വാറന്റൈനിൽ വരുന്നവരുടെ കൃത്യമായ എണ്ണം ലഭിക്കാത്തതു കാരണം ഭക്ഷണം എത്തിക്കുന്നതിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഭക്ഷണം കൃത്യമായി ലഭിക്കാത്തതു കാരണം നീരിക്ഷണത്തിൽ കഴിയുന്നവർ ഭക്ഷണത്തിനായി പുറത്തിറങ്ങന്നുത് പോലീസിന് തലവേദനയായിട്ടുണ്ട്.
എന്നാൽ, ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം എത്തിക്കാൻ കോർപറേഷന്റെ കീഴിലുള്ള സന്നദ്ധപ്രവർത്തകർ എത്തുന്നില്ലെന്ന് പരാതിയുണ്ട്.
ബുധനാഴ്ച രാത്രി 10.30 ന് ദുബായിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസിൽ വന്ന എട്ട് യാത്രക്കാർഅർദ്ധരാത്രി വരെ മണിക്കൂറുകളോളം ഭക്ഷണവും വെള്ളവുമില്ലാതെ റോഡിൽ കഴിയേണ്ടിവന്നു.
കണ്ണൂർ പയ്യാമ്പലം ഒരു സ്വകാര്യ റിസോർട്ടിൽ ക്വാറന്റൈൻ സൗകര്യം ഒരിക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് യാത്രക്കാരെ റോഡിൽ ഇറക്കിവിട്ടത്.
എന്നാൽ റിസോർട്ട് ഉടമക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞ് യാത്രക്കാരെ റോഡിൽ നിർത്തുകയായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ മണിക്കൂറുകളോളം പെരുവഴിയിൽ കഴിയേണ്ടിവന്ന യാത്രക്കാർക്ക് ആവിശ്യമായ ഭക്ഷണവും വെള്ളവു മറ്റ് സൗകര്യങ്ങളും ചെയ്ത് കൊടുത്തത് മുസ്ലിം ലീഗ് വൈറ്റ് ഗാർഡായിരുന്നു.