കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയറുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഎം നീക്കം തുടങ്ങി. കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയറെ കൂട്ട് പിടിച്ച് ഭരണമാറ്റത്തിനുള്ള അണിയറ നീക്കങ്ങൾ യുഡിഎഫ് തുടങ്ങിയതോടെയാണ് സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്.
ഇതിന്റെ ആദ്യപടിയായി ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിന് പുതിയ കാർ വാങ്ങുവാൻ കൗൺസിൽ തീരുമാനിച്ചു. മേയർക്കും ഡെപ്യൂട്ടി മേയർക്കും പുതിയ കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട കോർപറേഷനിലുണ്ടായ തർക്കമായിരുന്നു സിപിഎമ്മുമായി കൂടുതൽ അകലാൻ രാഗേഷിനെ ഇടയാക്കിയത്.
മേയർക്കു മാത്രം കാർ വാങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് രാഗേഷ് കൗൺസിൽ യോഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധി തീർക്കുവാനാണ് ഒരു കാർ കൂടി വാങ്ങുവാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചത്. മേയർക്ക് വാങ്ങിയ ഇന്നോവ ക്രിസ്റ്റ തന്നെയാണ് ഡെപ്യൂട്ടി മേയർക്കും വാങ്ങുന്നത്.
ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷുമായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ ചർച്ച നടത്തിയതോടെയാണ് കോർപറേഷൻ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫ് നീക്കം നടത്തുന്നതായി അഭ്യൂഹം പടർന്നത്. നിലവിൽ കോർപറേഷൻ ഭരണസമിതിയുടെ കാലാവധി തീരാൻ ഒരു വർഷത്തിലധികം ഉണ്ട്. എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ശേഷം കെ. സുധാകരനും പി.കെ. രാഗേഷും ചർച്ച നടത്തിയത് ആദ്യമായാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് രാഗേഷും ഒപ്പമുള്ളവരും പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാഗേഷ് കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്ന സൂചന ഇതോടെ ശക്തമായിരുന്നു. ആകെയുള്ള 55 അംഗ കൗൺസിലിൽ യുഡിഎഫിലും എൽഡിഎഫിലും 27 വീതമാണ് അംഗങ്ങൾ. പി.കെ. രാഗേഷിന്റെ ഒരു വോട്ടിന്റെ ബലത്തിലാണ് എൽഡിഎഫ് ഭരിക്കുന്നത്.