സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിന്റെ പിന്തുണയോടെ കോർപറേഷൻ ഭരണം യുഡിഎഫ് പിടിച്ചാൽ മേയർ സ്ഥാനം ലീഗിന് വേണമെന്ന ആവശ്യത്തിനെതിരേ കോൺഗ്രസിൽ വ്യാപക പ്രതിഷേധം. പള്ളിക്കുന്ന്, പുഴാതി പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് പ്രതിഷേധം ഡിസിസിയെ അറിയിച്ചത്. രാജി ഭീഷണി ഉൾപ്പെടെ ഇവർ മുഴക്കിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപിയുമായി നിരവധി തവണ ചർച്ച നടത്തിയെങ്കിലും മേയർ സ്ഥാനം എന്നതിൽ നിന്നും ലീഗ് പിന്നോക്കം പോയിട്ടില്ല. ആദ്യത്തെ ടേം കോൺഗ്രസിനു നല്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീഗ് സമ്മതിക്കുന്നില്ല. കോൺഗ്രസിന്റെ തീരുമാനം രണ്ടു ദിവസത്തിനുള്ളിൽ അറിയിക്കാമെന്ന് കെ.സുധാകരൻ എംപി ലീഗിനോട് പറഞ്ഞിരുന്നു.
എന്നാൽ ഒരാഴ്ചയായിട്ടും തീരുമാനം അറിയിക്കാത്തതിൽ ലീഗിലും പ്രതിഷേധം വ്യാപകമാണ്. കോൺഗ്രസ് തീരുമാനം വൈകിയാൽ യുഡിഎഫ് പരിപാടികളിൽ നിന്നും വിട്ടുനില്ക്കാനാണ് ലീഗിന്റെ തീരുമാനം. കൊളച്ചേരി പഞ്ചായത്തിൽ ലീഗും കോൺഗ്രസും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ ഇതുപോലെ ലീഗ് യുഡിഎഫ് പരിപാടികൾ ബഹിഷ്കരിച്ചിരുന്നു.
ഡെപ്യൂട്ടി മേയർ സ്ഥാനം തനിക്ക് വേണമെന്ന ആവശ്യത്തിൽ പി.കെ. രാഗേഷ് ഉറച്ചു നില്ക്കുകയാണ്. ആകെയുള്ള 55 അംഗ കൗൺസിലിൽ യുഡിഎഫിലും എൽഡിഎഫിലും 27 വീതമാണ് അംഗങ്ങൾ. പി.കെ. രാഗേഷിന്റെ ഒരു വോട്ടിന്റെ ബലത്തിലാണ് എൽഡിഎഫ് ഭരിക്കുന്നത്.