സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കാതിരിക്കാൻ യുഡിഎഫ് നീക്കം സജീവമായി. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിലാണ് നീക്കങ്ങൾ സജീവമായിരിക്കുന്നത്.
തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മാർഗനിർദേശങ്ങളുമായി യുഡിഎഫ് കൗൺസിലർമാരുടെ യോഗം ഉടൻ വിളിച്ചു ചേർക്കുന്നുണ്ട്. 12 ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് തെരഞ്ഞെടുപ്പ്.
കോർപറേഷൻ കൗൺസിൽ ഹാളിൽ സാമൂഹ്യ അകലം പാലിക്കാൻ കഴിയാത്തതിനാലാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലേക്ക് തെരഞ്ഞെടുപ്പ് മാറ്റിയത്.പി.കെ. രാഗേഷ് തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിൽ നിന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വെള്ളോറ രാജൻ മത്സരിക്കും.
ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ രാഗേഷ് വിജയിച്ചാൽ മേയർ സ്ഥാനം സുമാ ബാലകൃഷ്ണൻ രാജിവച്ച് ലീഗിന് നല്കും. ശേഷിക്കുന്ന മൂന്നു മാസത്തേക്ക് സി.സീനത്തിനെയാണ് ലീഗ് മേയർ സ്ഥാനത്തേക്ക് ആലോചിക്കുന്നത്.
ലീഗ് വിമതനെ ഒപ്പം നിർത്തിയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് നിന്ന് പി.കെ. രാഗേഷിനെ എൽഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്.ലീഗ് വിമതൻ തിരികെ യുഡിഎഫ് പാളയത്തിലെത്തിയെങ്കിലും അതീവ ജാഗ്രതയോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്,