കണ്ണൂർ: കഴിഞ്ഞ നാലു വർഷക്കാലം കൊണ്ട് കണ്ണൂർ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ നടത്തിയതായി മുൻ മേയർ ഇ.പി. ലത. ഈ അവസരത്തിലാണ് ഭരണസമിതിയെ അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി യുഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഇതുവരെ എൽഡിഎഫിനൊപ്പം നിന്ന ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് യാതൊരു രാഷ്ട്രീയ മാന്യതയും കാണിക്കാതെ മറുകണ്ടം ചാടുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
കണ്ണൂർ പ്രസ് ക്ലബിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ.പി. ലത. ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുതന്നെയാണ് അധികാരത്തിൽനിന്ന് വിടവാങ്ങുന്നത്. വികസനപ്രവർത്തനങ്ങൾക്കെല്ലാം തുരങ്കം വയ്ക്കുന്ന നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചിരുന്നത്.
അവർ അതിന് ജനങ്ങളോട് കണക്ക് പറയേണ്ടി വരും. സെൻട്രൽ മാർക്കറ്റ് കോംപ്ലക്സ്, മരക്കാർകണ്ടി എസ്സി ഫ്ളാറ്റ് തുടങ്ങിയവയുടെ പൂർത്തീകരണം, അരിബസാർ ഭവനസമുച്ചയം, പിഎംഎവൈ പ്രകാരമുള്ള വിവിധ പദ്ധതികൾ തുടങ്ങിയവയെല്ലാം എൽഡിഎഫ് ഭരണസമിതിയുടെ നേട്ടങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി.