കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് മേയര്‍ പദവി വച്ചുമാറുന്നതിനെച്ചൊല്ലി മുസ്ലിംലീഗ് – കോണ്‍ഗ്രസ് പോര് തുടരുന്നു. കണ്ണൂർ കോർപറേഷനിൽ മേയർ സ്ഥാനം മുൻ ധാരണ പ്രകാരം ലീഗിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വം കോൺഗ്രസ് ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി.
നാളെ തീരുമാനം പറയണമെന്നാണ് ലീഗിന്റെ ആവശ്യം. തീരുമാനം അറിയിച്ചില്ലെങ്കിൽ നാളെ വൈകുന്നേരം ചേരുന്ന ജില്ലാ നേതൃയോഗത്തിൽ ലീഗ് നിലപാട് എടുക്കും.
തെരഞ്ഞെടുപ്പ് ധാരണ പ്രകാരം കോൺഗ്രസിന് ലഭിച്ച രണ്ടര വർഷം അടുത്ത മാസം പൂർത്തിയാകാനിരിക്കെയാണ് ലീഗ് ജില്ലാ കമ്മിറ്റി കത്ത് നൽകിയത്.
ഭരണം ലഭിച്ച സമയത്തുതന്നെ രണ്ടര വർഷം മേയർ പദവി വീതം വയ്ക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോൺഗ്രസ് മൂന്ന് വർഷം വേണമെന്ന നിലപാടിലായിരുന്നു.
എന്നാൽ രണ്ടര വര്‍ഷത്തില്‍ കുറഞ്ഞ ഒരു നീക്കുപോക്കിനും തയാറാവേണ്ടതില്ലെന്നാണ് ലീഗിന്റെ തീരുമാനം.തർക്കം നിലനിൽക്കെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി പങ്കെടുത്ത പൊതുയോഗത്തിലേക്ക് ലീഗ് നേതാവ് കെ.എം. ഷാജിയെ ക്ഷണിച്ചിട്ടും വിട്ടുനിന്നത് ഭിന്നത രൂക്ഷമാകുമെന്ന സൂചനയാണ് നൽകുന്നത്.
കോണ്‍ഗ്രസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി കഴിഞ്ഞ ദിവസം പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു.
തീരുമാനം ഡിസിസി നേതൃത്വം പറയട്ടെയെന്നും ഞായറാഴ്ചക്കുള്ളില്‍ തീരുമാനമാകുന്നില്ലെങ്കില്‍ ലീഗ് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.