കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ കൂടെ നിർത്തി മേയർ സ്ഥാനം പിടിക്കാനുള്ള നീക്കത്തിൽ വിഘടിച്ചുനിൽക്കുന്ന മുസ്ലിം ലീഗിനെ അനുനയിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ്- മുസ്ലിം ലീഗ് നേതാക്കളുടെ ചർച്ച തിങ്കളാഴ്ച നടക്കും. കെ. സുധാകരൻ എംപി അദ്ദേഹത്തിന്റെ വീട്ടിലാണ് യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ ഇന്നു രാവിലെ പത്തിന് യോഗം ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഈ യോഗത്തോടെ പ്രശ്നത്തിന് പരിഹാരമാകാനാണ് സാധ്യത.
ഭരണം യുഡിഫിന് ലഭിച്ചാൽ മേയർ സ്ഥാനമോ ഡെപ്യൂട്ടി മേയർ സ്ഥാനമോ തങ്ങൾക്കു വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയാറായിരുന്നില്ല. ഇതേ തുടർന്നാണ് കോൺഗ്രസ്-ലീഗ് ഭിന്നത രൂക്ഷമായത്. കോർപറേഷൻ ഭരണ സമിതിയുടെ കാലാവധി 2020 നവംബറോടെ തീരാനിരിക്കെയാണ് കോർപറേഷൻ ഭരണം യുഡിഎഫ് കൈപ്പിടിയിലാക്കാൻ ഒരുങ്ങിയിരിക്കുന്നത്.
ഇനിയുള്ള ആറ് മാസം വീതം കോൺഗ്രസും ലീഗും മേയർ സ്ഥാനം പങ്കു വയ്ക്കുക എന്ന സമവായമായിരിക്കും യോഗത്തിൽ നിർദേശിക്കുക. മേയർസ്ഥാനം വഹിക്കുന്നത് കോൺഗ്രസാണെങ്കിൽ ലീഗിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകും. ലീഗിനാണ് മേയർ സ്ഥാനമെങ്കിൽ ഡെപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസിന് നൽകാനും ധാരണയായിട്ടുണ്ട്.
എന്നാൽ ആദ്യടേം ആർക്ക് വേണമെന്നതിനെ കുറിച്ചാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. കോൺഗ്രസിനെ വെല്ലുവിളിച്ച് മത്സരിച്ചു ജയിച്ച പി.കെ. രാഗേഷിന്റെ ഒറ്റവോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മേയർ സ്ഥാനം എൽഡിഎഫിന് ലഭിച്ചത്.
മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനം സംബന്ധിച്ച കോൺഗ്രസ്, ലീഗ് തർക്കം രൂക്ഷമായതിനെ തുടർന്ന് കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ യുഡിഎഫ് പരിപാടികൾ മുസ്ലിം ലീഗ് ബഹിഷ്കരിച്ചു വരികയായിരുന്നു. ചർച്ചയിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ്, ലീഗ് സെക്രട്ടറിയും കൗൺസിലർ എം.പി. മുഹമ്മദലി എന്നിവർ പങ്കെടുക്കും.