കണ്ണൂർ: മേയർ സ്ഥാനം സംബന്ധിച്ച് കണ്ണൂർ കോർപറേഷനിലെ ലീഗ്-കോൺഗ്രസ് ശീത സമരത്തിന് താത്കാലിക ശമനം. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗ്-കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്.
പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാകുമെന്ന് വി.ഡി. സതീശൻ ലീഗ് നേതൃത്വത്തിന് ചർച്ചയിൽ ഉറപ്പ് നൽകി.തിരുവനന്തപുരത്തെത്തിയാൽ ഉടൻ ഇതുസംബന്ധിച്ച ഫോർമുല കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച ചെയ്യുമെന്ന വി.ഡി. സതീശന്റെ ഉറപ്പിലാണ് മുസ്ലിം ലീഗ് കടുത്ത നിലപാടുകളിൽ നിന്നും അയഞ്ഞത്.
ഇതോടെ കോർപറേഷനുമായി ബന്ധപ്പെട്ട പൊതുപരിപാടികൾ ബഹിഷ്കരണം, കോർപറേഷനിൽ സ്വതന്ത്ര നിലപാട് എന്നീ കാര്യങ്ങൾ ലീഗ് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ വി.ഡി. സതീശൻ പങ്കെടുത്ത കോർപറേഷന്റെ തിളക്കം പരിപാടിയിലും ലീഗ് പങ്കെടുത്തു.
ലീഗ് സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷ നേതാവ് ഇരുവരുമായി ചർച്ച നടത്തിയത്. കോർപറേഷനിൽ ഭൂരിപക്ഷം അംഗങ്ങൾ കോൺഗ്രസിനായതിനാൽ മൂന്നു വർഷമെങ്കിലും തങ്ങൾക്കു വേണമെന്ന നിലപാടായിരുന്നു കോൺഗ്രസ് മുന്നോട്ടു വച്ചത്.
എന്നാൽ രണ്ടര വർഷം എന്ന മുൻ ധാരണയിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന ലീഗ് അറിയിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ ലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരം വീതം വയ്ക്കൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം.
തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും പരസ്പരം പോരടിക്കുന്നത് എതിരാളികൾക്ക് ആയുധമാകുമെന്നും ചേർന്നു നിൽക്കണമെന്നും വി.ഡി.സതീശൻ ഇരുവിഭാഗം നേതാക്കളോടും ആവശ്യപ്പെട്ടു.