കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. കോർപറേഷൻ ഭരണം യുഡിഎഫിനു ലഭിച്ചു. ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിന്റെ പിന്തുണയോടെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. യുഡിഎഫിന് 28 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന് 26 വോട്ടുകളാണ് ലഭിച്ചത്. ഇതോടെ മൂന്നുവർഷവും ഒൻപതുമാസവും പിന്നിട്ട എൽഡിഎഫിന്റെ കോർപറേഷൻ ഭരണത്തിന് തിരശീല വീണു.
മൂന്നാഴ്ചകൾ കഴിഞ്ഞാണ് മേയർ തെരഞ്ഞെടുപ്പ് നടക്കുക. അതുവരെ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് ആക്ടിംഗ് മേയറായി തുടരും. യുഡിഎഫിൽ ആദ്യ ടേം മേയർ സ്ഥാനം കോൺഗ്രസിനാണ് ലഭിച്ചിരിക്കുന്നത്. കോൺഗ്രസിലെസുമാ ബാലകൃഷ്ണൻ മേയറാകും. രണ്ടാം ടേമിൽ ലീഗിനാണ് മേയർ സ്ഥാനം. എന്നാൽ ഡപ്യൂട്ടി മേയർ സ്ഥാനം രാഗേഷിനുതന്നെയായിരിക്കും.’
കണ്ണൂർ കളക്ടറുടെ അധ്യക്ഷതയിലാണ് ഇന്നു രാവിലെ ഒൻപതോടെ അവിശ്വാസപ്രമേയത്തിൻമേലുള്ള ചർച്ച ആരംഭിച്ചത്. 54 കൗൺസിലർമാരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ യുഡിഎഫിലെ ടി.ഒ. മോഹനനാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ നാലുവർഷമായി ഗുണകരമായ പ്രവർത്തനങ്ങളൊന്നും കോർപറേഷന്റെ ഭാഗത്തു നിന്ന് നടന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവിശ്വാസപ്രമേയം ടി.ഒ. മോഹനൻ അവതരിപ്പിച്ചത്.
കാലൊടിഞ്ഞ യുഡിഎഫ് കൗൺസിലർ ഭാരതി പ്ലാസ്റ്റർ ഇട്ടുകൊണ്ടാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്തിയത്.
നാലുമണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയ്ക്കു ശേഷം ഉച്ചയ്ക്ക് ഒന്നോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കോർപറേഷനിൽ ആകെ 55 അംഗങ്ങളുള്ളതിൽ എൽഡിഎഫിലെ സിപിഎമ്മിന്റെ എടക്കാട് കൗൺസിലർ കുട്ടിക്കൃഷ്ണൻ ഏതാനും ദിവസം മുന്പ് മരിച്ചിരുന്നു. ഇതോടെ 54 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. മേയർസ്ഥാനം നഷ്ടമായ സാഹചര്യത്തിൽ എൽഡിഎഫ് ഡപ്യൂട്ടി മേയർക്കെതിരേ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ സാധ്യതയുണ്ട്.
ഡപ്യൂട്ടി മേയർക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവന്നാലും പി.കെ. രാഗേഷ് യുഡിഎഫിനൊപ്പം നില്ക്കുന്നതു കൊണ്ട് അവിശ്വാസപ്രമേയം പാസാകാൻ സാധ്യതയില്ല. കെ. സുധാകരനുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പി.കെ. രാഗേഷിന്റെ ഒരു വോട്ടിന്റെ പിൻബലത്തിലാണ് സിപിഎമ്മിലെ ഇ.പി. ലത മേയറായത്. ഇതിന് പ്രത്യുപകാരമെന്നനിലയിൽ എൽഡിഎഫ് പി.കെ. രാഗേഷിന് ഡപ്യൂട്ടി മേയർസ്ഥാനം നൽകുകയായിരുന്നു.