കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിലെ അശ്ലീല പ്രയോഗം സംബന്ധിച്ച് മേയർ ഇ.പി. ലതയെ രണ്ടാം പ്രതിയാക്കിയും പൊടിക്കുണ്ട് ഡിവിഷനിലെ സിപിഎം കൗൺസിലർ ടി. രവീന്ദ്രനെ ഒന്നാം പ്രതിയുമാക്കി ഐടി ആക്ട് പ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ഐടി ആക്ട് 67 എ പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. അശ്ലീല സംഭാഷണങ്ങൾ പ്രചരിപ്പിച്ചതിനാണ് കേസ്.
സുമ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് കൗൺസിലർമാരാണ് മേയർ ഇ.പി. ലതയ്ക്കും പൊടിക്കുണ്ട് ഡിവിഷനിലെ കൗൺസിലർ ടി. രവീന്ദ്രനുമെതിരേ ഇന്നലെ യുഡിഎഫ് കൗൺസിലർമാർ ഡിവൈഎസ്പിക്ക് പരാതി നൽകി. പരാതിയുടെ പ്രസക്തഭാഗം ഇങ്ങനെ:
ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് കണ്ണൂർ കോർപറേഷനിലെ കൗൺസിലർമാരെ ഉൾപ്പെടുത്തി കൗൺസിലേഴ്സ് എന്നപേരിൽ ഒരു വാട്സ് ആപ്പ് കൂട്ടായ്മ ആരംഭിച്ചു. കോർപറേഷൻ മേയർ ഇ.പി. ലതയാണ് ഗ്രൂപ്പ് അഡ്മിൻ. പ്രസ്തുത ഗ്രൂപ്പിൽ കോർപറേഷനിലെ ഭൂരിഭാഗം കൗൺസിലർമാരും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും അംഗങ്ങളാണ്.
കണ്ണൂർ കോർപറേഷന്റെ ഭരണകാര്യങ്ങൾ സംബന്ധിച്ചും യോഗങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട കാര്യങ്ങൾ പരസ്പരം അറിയിക്കാൻ വേണ്ടിയായിരുന്നു ഗ്രൂപ്പ് തുടങ്ങിയത്. ആദ്യമൊക്കെ അത്തരത്തിലുള്ള കാര്യങ്ങൾ മാത്രമേ അയയ്ക്കാൻ പാടുള്ളൂവെന്ന കാര്യം മേയർ പറഞ്ഞതനുസരിച്ച് ഗ്രൂപ്പിൽ മെസേജുകൾ വന്നുകൊണ്ടിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് രവീന്ദ്രൻ ഞാൻ നിങ്ങൾക്കെല്ലാം വേണ്ടി ഒരു പ്രത്യേക സന്ദേശം അയയ്ക്കുന്നുണ്ടെന്നുപറഞ്ഞ് അന്നേദിവസം ഉച്ചയ്ക്ക് 12.40ന് അഞ്ച് ശബ്ദസന്ദേശം അയയ്ക്കുകയുണ്ടായി. ആ സന്ദേശങ്ങൾ അത്യന്തം അശ്ലീലവാചകങ്ങളും ലൈംഗിക ചുവയുള്ളതുമാണ്.
മനുഷ്യമനസിനെപ്പോലും മലിനീകരിക്കാൻ ഉതകുന്നതുമാണ്. മേയറുടെ പൂർണ അറിവോടെയും സമ്മതത്തോടെയുമാണ് ഇത് അയച്ചതെന്ന് മനസിലാക്കുന്നു. ആയതിനാൽ ഐടി ആക്ട് 67, 67 എ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചും ഐപിസി 509 ആർ-ഡബ്ല്യു 34 എന്നീ വകുപ്പ് പ്രകാരവും നിയമനടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കത്തിന്റെ പകർപ്പ് ജില്ലാ പോലീസ് മേധാവിക്കും ഡിജിപിക്കും വനിതാകമ്മീഷനും അയച്ചിട്ടുണ്ട്. യുഡിഎഫ് നേതാക്കളായ എം. ഷെഫീഖ്, സുരേഷ്ബാബു എളയാവൂർ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ഒ. മോഹനൻ, പി. ഇന്ദിര, കൗൺസിലർമാരായ ഭാരതി, അമൃത രാമകൃഷ്ണൻ, ലിഷ ദീപക് തുടങ്ങി പത്തോളം കൗൺസിലർമാരും പരാതി നൽകാൻ എത്തിയിരുന്നു.