കണ്ണൂർ: മേയർ ഇ.പി. ലത അഡ്മിനായ കോർപറേഷന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അനാശാസ്യം പരാമർശിക്കുന്ന ശബ്ദം സന്ദേശം പോസ്റ്റ് ചെയ്ത സംഭവത്തിൽ സിപിഎം കൗൺസലറിനെതിരേയും മേയർക്കുമെതിരേയും നിയമ നടപടിയിലേക്ക് കടക്കാൻ യുഡിഎഫ് തീരുമാനം.
യുഡിഎഫ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെയും കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരെയും അടിയന്തിര യോഗം ഇന്നലെ ചേർന്നിരുന്നു. ശബ്ദസന്ദേശം പോസ്റ്റുചെയ്ത സിപിഎം നേതാവായ കൗൺസിലർക്കും ഗ്രൂപ്പ് അഡ്മിനായ മേയർക്കുമെതിരേ ഇന്ന് ടൗൺ സ്റ്റേഷനിൽ പരാതി നൽകാനാണ് തീരുമാനം.
ഒരാളുടെ സ്വകാര്യ ഫോൺ സംഭാഷണം ചോർത്തി കുടുംബബന്ധം തകർക്കുന്ന വിധത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന പരാതി. കോർപറേഷനിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി കൗൺസിലേഴ്സ് എന്ന പേരിലായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയത്.
ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം ഇല്ലാതെ ചെയ്ത ക്രിമിനൽ പ്രവർത്തനമാണ് കൗൺസിലർ ചെയ്തതെന്നാണ് യുഡിഎഫിന്റെ വാദം. ഇക്കാര്യത്തിൽ മേയർ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേയർക്കും സന്ദേശം പോസ്റ്റുചെയ്ത ഐടി ആക്ട് ബാധകമാകുന്നവിധം പരാതി നൽകാനാണ് തീരുമാനം.
പ്രചരിപ്പിച്ച സന്ദേശം അശ്ലീല സ്വഭാവമുള്ളതെന്നാണ് മറ്റൊരു വാർത്ത. സ്ത്രീകൾ അടങ്ങുന്ന ഗ്രൂപ്പിലേക്കാണ് ഇത് പോസ്റ്റ് ചെയ്തത്. അതിനാൽ യുഡിഎഫ് വനിതാ കൗൺസിലറെകൊണ്ട് പരാതി കൊടുപ്പിക്കാനാണ് തീരുമാനം.