കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം കത്തിപടരുന്ന സംഭവത്തിൽ നാളെ കോർപറേഷൻ യോഗം ചേരുന്നു. മേയർക്ക് എതിരേയും സന്ദേശം പ്രചരിപ്പിച്ച സിപിഎം കൗൺസിലർ ടി. രവീന്ദ്രനെതിരേയും കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരുടെ പരാതി പ്രകാരം ടൗൺപോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇക്കാര്യങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം ആഞ്ഞടിക്കാൻ തിരുമാനിച്ച സാഹചര്യത്തിൽ കോർപറേഷൻ യോഗം പ്രക്ഷുബ്ധമാകാനിടയുണ്ട്. അതേ സമയം പ്രതിപക്ഷാക്രമണത്തെ യുഡിഎഫ് കൗൺസിലർക്കെതിരേ ഉയർന്ന സ്വഭാവ ദൂഷ്യാരോപണം ഉയർത്തിക്കാട്ടി പ്രതിരോധിക്കാനായിരിക്കും സിപിഎം ശ്രമിക്കുക.
സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഒരു സ്ത്രീയുമായി നടത്തുന്ന ഫോൺ സംഭാഷണമാണ് കൗൺസിലർ കൂടിയായ മുതിർന്ന നേതാവ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്. ഇതോടെ പ്രതിരോധത്തിലായ സിപിഎം ഇരുവർക്കുമെതിരേ നടപടി സ്വീകരിച്ചു.
ഫോൺ സംഭാഷണം നടത്തിയ ലോക്കൽ കമ്മിറ്റി അംഗത്തെ ഒരുവർഷത്തേക്ക് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാർട്ടി രഹസ്യങ്ങളടക്കം കോൺഗ്രസ് പ്രവർത്തകയോട് ഫോണിൽ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മേയർ അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് യുഡിഎഫ് ആയുധമാക്കുന്നത്. ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് കണ്ണൂർ കോർപറേഷൻ ഇടതുപക്ഷം ഭരിക്കുന്നത്.