എംജെ ശ്രീജിത്ത്
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ മരണം “കണ്ണൂർ പാർട്ടി’യെ രണ്ടാക്കുന്നു. ഇടക്കാലത്ത് അവസാനിച്ചുവെന്ന് കരുതിയ വിഭാഗീയത ആന്തൂർ സംഭവത്തോടെ മൂർച്ഛിക്കുകയാണ്. നേരത്തെ വി.എസാണ് ഒരു ഭാഗത്ത് നിന്നിരുന്നെങ്കിൽ ഇത്തവണ കണ്ണൂരിലെ രണ്ടു വിഭാഗങ്ങളാണെന്നതാണ് പ്രത്യേകത. കണ്ണൂരിലെ പി ജയരാജനടക്കമുള്ളവർ ഒരു ഭാഗത്തും എംവി ഗോവിന്ദൻ അടക്കമുള്ളവർ മറുവശത്തുമാണ്. ഇതുവരെ കണ്ണൂരിൽ മാത്രം ഒതുങ്ങിയിരുന്ന വിഭാഗീയത മറനീക്കി സംസ്ഥാന സമിതി വരെ എത്തിനിൽക്കുകയാണ്.
എംവി ഗോവിന്ദന്റെ ഭാര്യയും ആന്തൂർ നഗരസഭാ അധ്യക്ഷയുമായ പികെ ശ്യാമളയ്ക്കെതിരെ നടപടിയെടുക്കാത്തതാണ് തളിപ്പറന്പ് എംഎൽഎ ജെയിംസ് മാത്യു അടക്കമുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രവാസി വ്യവസായിയുടെ കെട്ടിടത്തിന് നഗരസഭ അനുമതി കൊടുക്കാത്തതിന് പിന്നിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എംവി ഗോവിന്ദന്റെ ഇടപെടലാണെന്ന് ഇന്നലത്തെ സംസ്ഥാന സമിതിയിൽ ജയിംസ് മാത്യു വിമർശനം ഉന്നയിച്ചിരുന്നു.
സാജൻ പാറയിലിന്റെ കെട്ടിടത്തിന് ലൈസൻസ് വൈകിപ്പിക്കുന്നതിനെതിരെ ജയിംസ് മാത്യു മന്ത്രി കെടി ജലീലിന് പരാതി നൽകിയിരുന്നു. പരാതി നൽകിയതിന് പിന്നാലെ എംവി ഗോവിന്ദൻ മന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടത് എന്തിനെന്ന് വ്യക്തമാക്കണമെന്നാണ് ജയിംസ് മാത്യു ആവശ്യപ്പെട്ടത്. കണ്ണൂരിൽ കെട്ടടങ്ങി നിന്നിരുന്ന വിഭാഗീയത മൂർച്ഛിക്കുന്ന തരത്തിൽ തന്നെയാണ് ഇപ്പോഴത്തെ അവിടത്തെ ചരടുവലികൾ.
പി ജയരാജനെ അനുകൂലിക്കുന്ന വിഭാഗവും അല്ലാത്ത വിഭാഗവുമെന്ന തരത്തിലേയ്ക്ക് വിഭാഗീയത വളരുകയാണ്. ഇതുവരെ സിപിഎമ്മിൽ ഔദ്യോഗിക പക്ഷത്തിന്റെ കരുത്ത് കണ്ണൂർ പാർട്ടിയായിരുന്നു. വിഎസ് വിഭാഗത്തെ വെട്ടിനിരത്താൻ മുന്നിൽ നിന്നതും കണ്ണൂർ ലോബിയായിരുന്നു. പിണറായി വിജയന് ഇതുവരെ കരുത്തായി നിന്നതും കണ്ണൂരും ജയരാജൻമാരുമായിരുന്നു. ജയരാജൻമാർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസവും രൂക്ഷമാണ്.
കണ്ണൂരിന്റെ രാഷ്ട്രീയം മാറുന്നുവെന്ന സൂചനയാണ് സംസ്ഥാന കമ്മിറ്റിയിലെ ജയിംസ് മാത്യുവിന്റെ പൊട്ടിത്തെറിയോടെ പുറത്തുവരുന്നത്. ശ്യാമളയ്ക്കെതിരെ നടപടിയില്ലാതെ ആന്തൂരിൽ പാർട്ടിയ്ക്ക് പിടിച്ചുനിൽക്കാനാകില്ലെന്നും അല്ലാത്തപക്ഷം അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന മുന്നറിയിപ്പാണ് ജയിംസ് മാത്യു നൽകിയിരിക്കുന്നത്.
വയൽക്കിളി സമരത്തിലടക്കം പി ജയരാജന് പൂർണ പിന്തുണയുമായി നിന്നയാളാണ് ജയിംസ് മാത്യു. തെരഞ്ഞെടുപ്പ് പരാജയത്തോടെ പാർട്ടി പദവികളൊന്നുമില്ലാതെ നിൽക്കുന്ന പി ജയരാജന് മറ്റൊരു പദവിയും നൽകാൻ പാർട്ടി നേതൃത്വം ഇതുവരെ തയ്യാറായിട്ടുമില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം നിലവിൽ എംവി ജയരാജനാണ് വഹിക്കുന്നത്. നിയമസഭയിലെ ബിംബ പരാമർശം വഴി പിണറായി തന്നെ ജയരാജന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
കണ്ണൂരിലെ ഒരു വിഭാഗം പി ജയരാജന് പിന്നിൽ അണിനിരക്കുന്നത് നേരത്തെ തന്നെ പിണറായിക്കും പാർട്ടി നേതൃത്വത്തിനും ദഹിച്ചിരുന്നില്ല. ആന്തൂരിലെ സംഭവത്തിൽ ജയരാജൻ സ്വീകരിച്ച നിലപാടിന് പാർട്ടിക്കകത്തു നിന്നു തന്നെ വലിയ പിന്തുണ കിട്ടിയ സാഹചര്യത്തിൽ കൂടിയായിരുന്നു പിണറായിയുടെ ബിംബ പരാമർശം.
വിഎസ് വിഭാഗം എന്നത് കഴിഞ്ഞുപോയ അധ്യായമായ സ്ഥിതിയ്ക്ക് പിന്നെ ഉയരാൻ സാധ്യതയുണ്ടായിരുന്ന കോടിയേരി പക്ഷത്തിന് ഇനി സാധ്യത വളരെ കുറവാണ്. മകൻ ബിനോയ് കോടിയേരിയുടെ ലൈംഗിക പീഡന പരാതിയിൽ സെക്രട്ടറി സ്ഥാനം കോടിയേരിക്ക് എപ്പോൾ വേണമെങ്കിലും പോകാവുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് പി ജയരാജൻ കണ്ണൂർ രാഷ്ട്രീയത്തിലൂടെ തന്നെ മറുവിഭാഗമായി രൂപാന്തരപ്പെടുന്നത്.