ഷുഹൈബ് വധത്തില്‍ കീഴടങ്ങിയ പ്രതികള്‍ പിണറായി വിജയനും പി. ജയരാജനും ഒപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത്, പ്രതികള്‍ സിപിഎമ്മുകാരല്ലെന്ന പാര്‍ട്ടി വാദത്തിന് തിരിച്ചടി

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കീഴടങ്ങിയ പ്രതികളുടെ സിപിഎം ഉന്നതബന്ധം പുറത്ത്. പ്രതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സിപിഎം പ്രാദേശിക നേതൃത്വം തയാറാക്കിയ തിരക്കഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നല്‍കുന്ന ഡമ്മി പ്രതികളെ കണ്ടെത്താനായാണ് പോലീസ് ആറു ദിവസം കാത്തുനിന്നത്. വധശ്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മറുപടി പറയണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കീഴടങ്ങിയവര്‍ക്ക് പാര്‍ട്ടിയുമായും നേതാക്കന്മാരുമായും ബന്ധമുണ്ട്. കീഴടങ്ങിയ ആകാശിന്റെ മാതാപിതാക്കള്‍ സിപിഎം പ്രാദേശിക നേതാക്കളാണ്.

ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയതിന് ശേഷം ആകാശിനും റിജിന്‍ രാജിനും ഒളിവില്‍ കഴിയാന്‍ സിപിഎം സഹായം ചെയ്തുനല്‍കി. തിരുവനന്തപുരത്തെ സിപിഎം ആസ്ഥാനം കേന്ദ്രീകരിച്ചാണ് ആകാശ് പ്രവര്‍ത്തിച്ചിരുന്നത്. കീഴടങ്ങാനായി ഇവരെ എത്തിച്ചത് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്. ഇതില്‍ ആകാശിനെ പോലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോഴാണ് കീഴടങ്ങല്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശുഹൈബ് (30) കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.

Related posts