കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ യഥാർഥ പ്രതികൾക്കു പാർട്ടിനേതൃത്വങ്ങൾ സംരക്ഷണം ഒരുക്കുമ്പോൾ കണ്ണൂരിന്റെ കണ്ണീർ തോരുന്നില്ല. സർവകക്ഷി സമാധാനയോഗങ്ങളും ചർച്ചകളും കേവലം ചടങ്ങുകളായി മാറുന്നതിന്റെ തെളിവാണ് സമീപകാലത്ത് ആവർത്തിക്കുന്ന കൊലപാതകങ്ങൾ.
അര നൂറ്റാണ്ടോളം പഴക്കമുള്ള കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പലതിലും ഇന്നും വിചാരണനടപടികൾപോലും തുടങ്ങിയിട്ടില്ലെന്നതാണു ഭീതിപ്പെടുത്തുന്ന സത്യം.25 വർഷത്തിനിടെ കണ്ണൂരിൽ നൂറ്റമ്പതിലേറെ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 2008ല്‍ മാത്രം കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായത് 14 പേരാണ്.
എന്നാൽ, യഥാർഥ കുറ്റവാളികൾ പിടിയിലാവുന്നില്ല; അതിനാൽത്തന്നെ അവർക്കു ശിക്ഷ ലഭിക്കുന്നില്ല. പോലീസിന്റെയും നിയമസംവിധാനത്തിന്റെയും ദൗർബല്യമായി ഇതിനെ കണക്കാക്കാനാവില്ല. കാരണം,സങ്കീ ർണമായ ഒട്ടേറെ കേസുകൾ അതിവിദഗ്ധമായി തെളിയിക്കുകയും പ്രതികളെ കൃത്യമായി പിടികൂടുകയും അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടാൻ വഴിയൊരുക്കുകയും ചെയ്ത് തങ്ങളുടെ കരുത്ത് പലതവണ വ്യക്തമാക്കിയിട്ടുള്ളവരാണ് കേരള പോലീസ്.
കണ്ണൂരിലെത്തുമ്പോൾ കേരള പോലീസിന്റെ കരുത്ത് ചോരുന്നതിന്റെ കാരണം വിശദമായി വിലയിരുത്തണം. ഒന്നുകിൽ വേണ്ടെന്നു വച്ചിട്ട്, അല്ലെങ്കിൽ ബാഹ്യസമ്മർദം. പ്രതികൾക്ക് ലഭിക്കുന്ന ഈ സ്വാതന്ത്ര്യംതന്നെയാണ് കണ്ണൂരിൽ കൊലപാതകങ്ങൾ നിർബാധം തുടരുന്നതിന്റെ അടിസ്ഥാന കാരണം.
യഥാർഥ കുറ്റവാളികളെ സംരക്ഷിച്ചുകൊണ്ട്, പാർട്ടി നല്കുന്ന ചാവേറുകളെ പ്രതിയാക്കി പോലീസ് കേസെടുക്കുന്നതാണു രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പതിവ്. ആരെയും മുഷിപ്പിക്കേണ്ടിവരില്ല എന്നതിനാൽ, ഇതു പോലീസിനും കാര്യങ്ങൾ എളുപ്പമാക്കും. ഇങ്ങനെ പകരക്കാരായ പ്രതികളെ ഉൾപ്പെടുത്തി കേസ് ഫയൽചെയ്താൽ അത് ഒരിക്കലും തെളിയിക്കപ്പെടില്ലെന്ന് ഉറപ്പ്.
കേസ് കോടതിയിൽ തെളിയിക്കാൻ കഴിയാതെ വരുന്നതോടെ പ്രതികളെ വെറുതെവിടും. കഴിഞ്ഞകാലത്തെ കേസുകളിൽ ചിലര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരുന്നു. എന്നാൽ, ആരെയും വധശിക്ഷയ്ക്കു വിധിച്ചില്ല. കീഴ്ക്കോടതി വധശിക്ഷ വിധിച്ച പലരെയും മേല്‍ക്കോടതി വെറുതെ വിടുകയും ചെയ്തു എന്നറിയുമ്പഴേ ഈ തട്ടിക്കൂട്ട് കേസിന്റെ യഥാർഥ ശൈലി മനസിലാവുകയുള്ളു.
രാഷ്ട്രീയ സ്വാധീനവും ഭരണത്തിന്റെ ആനുകൂല്യവും ഉപയോഗിച്ചാണു പാർട്ടിനേതൃത്വം കൊലക്കേസുകളിലെ ശാസ്ത്രീയമായ അന്വേഷണം ഇല്ലാതാക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങൾക്കുവേണ്ടി അടുത്ത അരുംകൊല നടത്താൻ യഥാർഥ പ്രതികൾ പാർട്ടികേന്ദ്രങ്ങളിൽ സുരക്ഷിതരായി തയാറെടുക്കുന്നുണ്ടാവും. കേസിൽ ഉൾപ്പെടുന്നവരുടെ എല്ലാ പ്രശ്നങ്ങളും കൊലയ്ക്കു നിയോഗിച്ച പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കും. പാർട്ടി നല്കുന്ന പ്രതികളാണ് അറസ്റ്റിലാകുന്നതെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പല അന്വേഷണ റിപ്പോർട്ടുകളും.
കേരള പോലീസിന്റെ ഏറ്റവും ധീരമായ അന്വേഷണത്തിലൂടെ യഥാർഥ പ്രതികളെ പിടികൂടാനായത് ടി.പി.വധക്കേസിലാണ്. ഒളിസങ്കേതങ്ങളിലെ പാർട്ടിപ്രതിരോധം തകർത്തായിരുന്നു പോലീസ് പല പ്രതികളെയും വലയിലാക്കിയത്. ഗൂഢാലോചന നടത്തിയവർക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ ശാസ്ത്രീയമായ പോലീസ് അന്വേഷണത്തിനായി.
പ്രതികൾക്കു ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്നതിനും പഴുതടച്ച അന്വേഷണം സഹായകമായി. എന്നാൽ ടി.പി. വധത്തിനു പിന്നാലെ കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നും ഈ ജാഗ്രതയുണ്ടായില്ല. നിലവിൽ കണ്ണൂരിലെ മൂന്നു കൊലപാതകങ്ങൾ അന്വേഷിക്കുന്നത് സിബിഐയാണ്. ഇതിൽ ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതികളുമാണ്. ഇതിന്റെ വിചാരണനടപടികൾ എങ്ങുമെത്തിയിട്ടില്ല.
ബോംബ് പൊട്ടി മരിച്ച ഒരാൾ ഉൾപ്പെടെ11 ജീവനുകളാണ് ഇടതുസർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാത്രം കണ്ണൂരിൽ പൊലിഞ്ഞത്. ഏറ്റവും അവസാനമായി കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ പിതാവ് മട്ടന്നൂർ എടയന്നൂരിലെ മുഹമ്മദിനും ഒന്നു മാത്രമേ പറയാനുള്ളൂ.”മകന്റെ കൊലപാതകത്തിൽ യഥാർഥ പ്രതികളെ പിടികൂടണം. അതിന് ഇവിടുത്തെ പോലീസിനു സാധിക്കുമെന്നു തോന്നുന്നില്ല. അന്വേഷണം സിബിഐക്കു വിടണം’.
പി.ടി. പ്രദീഷ്