മാഹി: സിപിഎം മാഹി ലോക്കൽ കമ്മിറ്റിയംഗം പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബു (45), ആർഎസ്എസ് പ്രവർത്തകൻ പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയിൽ ഷമേജ് (41) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരുവരെയും കൊലപ്പെടുത്തിയത് വിദഗ്ധ പരിശീലനം നേടിയവരെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചനകൾ.
സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ മരണകാരണമായ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് വിദഗ്ധ പരിശീലനം നേടിയവരിലേക്ക് വിരൽചൂണ്ടുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ കൃത്യമായതും ആഴത്തിലുള്ളതുമായ പ്രധാനമായ രണ്ട് വെട്ടുകളാണ് ബാബുവിന്റെ ശരീരത്തിലുള്ളതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
കണ്ണൂരിൽ നിന്നുള്ള രാഷ്ട്രീയ ക്രിമിനൽസംഘങ്ങളിലേക്കാണ് അന്വേഷണം. പുതുച്ചേരി ഡിജിപി സുനിൽ കുമാർ ഗൗതം, എസ്എസ്പി അപൂർവ ഗുപ്ത എന്നിവർ ഇന്ന് മാഹിയിൽ എത്തുന്നുണ്ട്. മാഹി സിഐ ഷൺമുഖത്തിനാണ് അന്വേഷണ ചുമതല. എട്ടംഗ ആർഎസ്എസ് പ്രവർത്തകർക്കെതിരേയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
മാഹി എസ്പി ആർ.രാധാകൃഷ്ണ അവധിയിൽ ആയതിനാൽ പകരക്കാരനായി പുതുച്ചേരിയിൽ നിന്ന ദൈവശിഖാ മണി എസ്പി ചാർജ് ഏറ്റെടുക്കുവാൻ ഇന്നലെ മാഹിയിൽ എത്തി.ആർഎസ്എസ് പ്രവർത്തകൻ പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയിൽ ഷമേജ് (41) നെ കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
തലശേരി സിഐ പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല. പ്രതികളെ തിരിച്ചറിഞ്ഞതായും ചിലരെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. ഷമേജിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 30 മുറിവുകളുണ്ട്. ശരീരത്തിൽ വെട്ടുകൾ മാത്രം ഒൻപതെണ്ണമുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
വെട്ടുകളിലേറെയും ആഴത്തിലുള്ളതാണ്. തലയ്ക്കുപിന്നിൽ വെട്ടേറ്റ് തലയോട്ടി പിളർന്നിട്ടുണ്ട്. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഷമേജിന് വെട്ടേറ്റ സ്ഥലത്ത് നിന്ന് ഷമേജിന്റേതെന്നു കരുതുന്ന ഒരുജോഡി ചെരുപ്പും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഷമേജിന്റെ മൊബൈൽ ഫോണിലേക്ക് വന്ന അവസാന കോൾ ആരുടേതാണെന്നാണ് പോലീസ് പരിശോധിക്കുന്നത്. കൂടാതെ ന്യൂമാഹി, മാഹി മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.