മാഹി: സിപിഎം ലോക്കൽ കമ്മിറ്റിയംഗം പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയത് ആർഎസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷൻ. സിപിഎമ്മിന്റെ വളർച്ച തടയുന്നതിനുവേണ്ടിയാണ് കൊല നടത്തിയത്. ഈ സംഭവം ക്രൂരമാണെന്നും ബാബുവിന്റെ വീട് സന്ദർശിച്ചശേഷം കോടിയേരി പറഞ്ഞു.
ബാബുവിനു വധ ഭീഷണി ഉണ്ടായിരുന്നു. എന്നാൽ പോണ്ടിച്ചേരി പോലീസ് ഇത് അവഗണിച്ചിരുന്നുവെന്നും ബാബുവിന്റെ കൊലപാതകത്തിന്റെ ഉത്തവാദിത്വം പോലീസ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസിനു ഒത്താശ ചെയ്യുന്ന മാഹിയിലെ ഉന്നത പോലീസുകാരെ മാറ്റണം. കോൺഗ്രസ് ഭരിക്കുന്ന പോണ്ടിച്ചേരിയിലാണ് ആർഎസ്എസ് അഴിഞ്ഞാടുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
തിങ്കളാഴ്ചയാണ് രാത്രിയാണ് ബാബുവിനെ ഒരു സംഘം കൊലപ്പെടുത്തിയത്. ബാബുവിന്റെ കൊലപാതകത്തിനു പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയിൽ ഷമേജിനെയും ഒരു സംഘം കൊലപ്പെടുത്തിയിരുന്നു. രണ്ടു കേസുകളിലും ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.