മാഹി: പുതുച്ചേരി പോലീസിന്റെ ഒത്താശയോടെയാണ് ബാബുവിനെ കൊന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പള്ളൂരിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
കണ്ണൂരിൽ തുടരുന്ന സംഘർഷാവസ്ഥ മാഹിയിലേക്കും വ്യാപിപ്പിക്കാൻ ആർഎസ്എസ് ശ്രമം നടത്തുകയാണെന്നും കോടിയേരി പറഞ്ഞു. ഇതിനെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. സിപിഎം നേതാക്കന്മാരുടെ വീടുകൾക്കുനേരേ വ്യാപകമായ അക്രമം ആർഎസ്എസുകാർ നടത്തുകയാണ്.
ഇത് നൽകുന്ന സന്ദേശം നേതാക്കന്മാർപോലും സുരക്ഷിതരല്ലയെന്നതാണ്. എത്രതന്നെ പ്രകോപനം ഉണ്ടായാലും വീടുകൾക്കുനേരേ അക്രമമുണ്ടാകാൻ പാടുള്ളതല്ല. അത് ഏത് പാർട്ടി നടത്തിയാലും തെറ്റാണ്. മാഹി മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ചർച്ച നടത്തി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണം.
അതിന് സിപിഎം മുൻകൈയെടുക്കും. പുതുച്ചേരി ഗവർണറെ തങ്ങൾക്ക് വിശ്വാസമില്ല. അവിടെ നടക്കുന്നത് ഗവർണർ ഭരണമല്ല. പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി പ്രശ്നത്തിൽ ഇടപെട്ട് സമാധാനത്തിന് പരിഹാരം കാണണം.
സിപിഎം നേതാവ് ബാബുവിനുനേരേ ഇതിനുമുന്പും വധശ്രമമുണ്ടായിട്ടുണ്ട്. അക്കാര്യങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടുവരണം ഇല്ലെങ്കിൽ ഇവിടെ അരാജകത്വമായിരിക്കും അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.